മാർക്കോ 2 ഉണ്ടാകുമോ ? ചിയാൻ വിക്രമും , ധ്രുവുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ഷെരിഫ് മുഹമ്മദ്
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിൽ റിലീസ് ചെയ്ത ചിത്രം വൻ തരംഗമാണ് ഉണ്ടാക്കുന്നത്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഇതിനോടകം തന്നെ വൻ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ
ചിത്രത്തിന് ഒരു തുടർച്ചയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ അഭ്യൂഹങ്ങൾക്ക് വെളിച്ചം നൽകുന്നതാണ് നിർമ്മാതാവ് ഷെരിഫ് മുഹമ്മദിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്. നിർമ്മാതാവ് ഉണ്ണി മുകുന്ദനുമായി ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് "ബ്രോ-കോഡ്. നിങ്ങൾ മാർക്കോ 2-ന് തയ്യാറാണോ?"" എന്ന അടിക്കുറിപ്പാണ് ഷെരിഫ് മുഹമ്മദ് കൊടുത്തിരിക്കുന്നത്.
തമിഴ് സൂപ്പർ താരം ചിയാൻ വിക്രം ഈ ഫ്രാഞ്ചൈസിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്ന സമയത്താണ് പുതിയ പോസ്റ്റ്. മാർക്കോയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്, ചിയാൻ വിക്രം, മകൻ ധ്രുവ് വിക്രം എന്നിവർക്കൊപ്പം ഉണ്ണിമുകുന്ദനും നിൽക്കുന്ന ചിത്രമാണ് ഈ അഭ്യൂഹങ്ങൾ ശെരി വയ്ക്കുന്നത്.
ഹനീഫ് അദേനി രചനയും സംവിധാനവും നിർവ്വഹിച്ച ഒരു മലയാളം ആക്ഷൻ ത്രില്ലറാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. ഇന്ത്യയിലെ തന്നെ ദി മോസ്റ്റ് വയലന്റ് ചിത്രമായി ആണ് മാർക്കോ എത്തിയത്. അതുകൊണ്ട് തന്നെ ചിത്രം എ-റേറ്റഡ് ആണ് . 2024 ക്രിസ്മസ് റിലീസിന് ശേഷം, അത് മികച്ച അവലോകനങ്ങൾ നേടുകയും എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എ-റേറ്റഡ് മലയാളം ചിത്രമായി മാർക്കോ മാറുകയും ചെയ്തു.