എഴുതിയത് പൃഥ്വിരാജ്, ആലപിച്ചത് പ്രാർത്ഥന ഇന്ദ്രജിത്ത്; വൈറലായി തീം സോങ്

എൽ 2: എമ്പുരാൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറികൊണ്ടിരിക്കുകയാണ്. നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് ആളുകൾ ആണ് ടീസർ കണ്ടിരിക്കുന്നത്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ മാർച്ച് 27 ന് റിലീസ് ചെയ്യും. ടീസറിൽ ആവേശമുണ്ടാക്കിയ തീം സോങ്ങിൻ്റെ വരികൾ എഴുതിയിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. ഇന്ദ്രജിത്ത് സുകുമാരൻ്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ആണ് ഈ തീം സോങ് ആലപിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതം നൽകിയ ഗാനത്തിന് വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു. എമ്പുരാന്റെ ഓരോ വിശേഷങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുന്നതിനിടയിൽ ഗാനം എഴുതിയത് പൃഥ്വിരാജ് തന്നെയാണെന്നുള്ള കാര്യം ഇപ്പോൾ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.കഴിഞ്ഞദിവസം യൂട്യൂബിലൂടെ ടീസര്‍ മ്യൂസിക് പുറത്തുവന്നതോടെയാണ് ഈ കാര്യം വൈറൽ ആയത്. പ്രാർത്ഥന ഇന്ദ്രജിത്ത് ഇതിനു മുൻപും സിനിമയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദർ, കുട്ടൻപിള്ളയുടെ ശിവരാത്രി, മോഹൻലാൽ, ഹെലൻ, തുടങ്ങിയ മലയാള സിനിമയിലും ഹേ സിനാമിക, ഓ ബേബി തമിഴ് സിനിമയിലും പ്രാർത്ഥന ഇന്ദ്രജിത്ത് ഗാനം ആലപിച്ചിട്ടുണ്ട്. ഇതിൽ ഹെലൻ എന്ന സിനിമയിലെ 'താരാപഥമാകെ' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു. എന്നാൽ പൃഥ്വിരാജ് സുകുമാരൻ ഒരു സിനിമയിൽ ഗാനം രചിക്കുന്നത് ഇത് ആദ്യമായി ആണ്.

Related Articles
Next Story