നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകൾ വന്നു: പ്രിയാമണി
തന്റെ വിവാഹത്തിന് പിന്നാലെ എത്തിയ വിദ്വേഷ കമന്റുകളെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2017ൽ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലർത്തുന്നതിനെ കുറിച്ചും പേഴ്‌സനൽ സ്‌പേസിൽ പോലും വിദ്വേഷം കുത്തിവെക്കുന്നതിനെ കുറിച്ചുമാണ് പ്രിയാമണി സംസാരിച്ചത്.
തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാനസിക രോഗബാധിതരായ സമൂഹമാണ് നമുക്ക് ചുറ്റും. എല്ലാവരുമില്ലെങ്കിലും മിക്കവരും ഈ കാലത്തും മറ്റുള്ളവരുടെ കാര്യത്തിൽ അതീവ തൽപരരാണ്. ഫെയ്‌സ്ബുക്കിൽ വിവാഹനിശ്ചയം അറിയിച്ചുകൊണ്ട് കുടുംബത്തിന്റെ സമ്മതത്തോടെ സന്ദേശം പോസ്റ്റ് ചെയ്തതോടെ വിദ്വേഷ കമന്റുകളുടെ പ്രവാഹമായിരുന്നു.
‘ജിഹാദ്, മുസ്‌ലിം, നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകാൻ പോകുന്നു എന്നിങ്ങനെ എന്ന് ആളുകൾ നിരന്തരമായി തനിക്ക് സന്ദേശം അയക്കുകയായിരുന്നു. ഇത് നിരാശാജനകമാണ്. എന്തിനാണ് മിശ്രവിവാഹ ദമ്പതികളെ ലക്ഷ്യമിടുന്നത്? ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്.
അവർ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് പ്രിയാമണി പറയുന്നത്. ഞാൻ മതം മാറിയോ എന്ന് അവർക്ക് എങ്ങനെ അറിയാം? അത് എന്റെ തീരുമാനമാണ്. ഞാൻ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ഇടാത്തതെന്ന് ആളുകൾ ചോദിക്കുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി എന്നെ അത് ബാധിക്കില്ല.