കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ
ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്‍റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് പറയുന്നത്.
ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്‍റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം പോലീസിനെ നയിച്ചത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്‌നമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതിന് കാരണം എന്ന് പറഞ്ഞ് മൂന്ന് പേർ കീഴടങ്ങിയിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണമാണ് ദര്‍ശനിലേക്ക് നീങ്ങിയത്.
ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ദര്‍ശന്‍. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്‍ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.