കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ വൻ വഴിത്തിരിവ്: ഒന്നാംപ്രതി നടി പവിത്ര ഗൗഡ
നടി പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ മുൻനിര നടൻമ്മാരിൽ ഒരാളായ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയെ ഒന്നാംപ്രതിയാക്കി. കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. നടി പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേസമയം ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിക്കുകയും, ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തിയിരുന്നു. അതേസമയം രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തി. രാവിലെ ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്ത അന്നപൂർണേശ്വരീ പോലീസ് സ്റ്റേഷനുമുമ്പിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തേണ്ടതായി വന്നു.
നടി പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. എന്നാൽ ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമങ്ങളിൽ വളരെ അധികം നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. അങ്ങനെ പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.