തെലുങ്ക് സിനിമ മേഖലയിലെ 'ഹേമ കമ്മിറ്റി' റിപ്പോർട്ട് ഇപ്പോഴും ഇരുട്ടത്ത്

The report of the 'Hema Committee' in the Telugu cinema sector is still in the dark

മലയാളസിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനുരണനം അതിർത്തികൾ കടന്നിരിക്കുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ കോളിളക്കങ്ങൾ ഒരു വശത്ത് നിൽക്കെ, കേരളത്തിന്റെ മാതൃക പിന്തുടരണമെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സിനിമാ പ്രവർത്തകരുടെ ആവശ്യം. കഴിഞ്ഞ ദിവസം നടി സമാന്തയും, വോയിസ് ഓഫ് വുമൺ എന്ന സംഘടനയും തെലുങ്ക് സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കപ്പെട്ടതുപോലെ, തെലുങ്ക് സിനിമാ രംഗത്തെ ആ സബ് കമ്മിറ്റി റിപ്പോർട്ടും വർഷങ്ങളായി ഇരുട്ടറയിൽ 'സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്'. രാജ്യമാകെ ശ്രദ്ധിച്ച, ഒരു സ്ത്രീയുടെ ഒറ്റയാൾ പ്രതിഷേധമായിരുന്നു ആ സബ് കമ്മിറ്റിയുടെ രുപീകരണത്തിലേക്ക് നയിച്ചത്.

2018 ഏപ്രിലിലായിരുന്നു തെലുങ്ക് നടിയായ ശ്രീ റെഡ്‌ഡി 'മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ' ഓഫീസിന് മുൻപിൽ പ്രതിഷേധം ആരംഭിച്ചത്. ഓഫീസിന് മുൻപാകെ പൊതുയിടത്തിൽ അർദ്ധ നഗ്നയായി പ്രതിഷേധിച്ച ശ്രീ റെഡ്ഢി തെലുങ്ക് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്നത് നെറികെട്ട സംഭവങ്ങളാണെന്ന് ആഞ്ഞടിച്ചു. കാസ്റ്റിംഗ് കൗച്ചും, സ്ത്രീകളെ എല്ലാവിധേനയും ഉപയോഗിക്കുന്ന ആളുകൾ ഈ മേഖലയിലുണ്ടെന്നും തുറന്നടിച്ചു. എന്നാൽ അസോസിയേഷൻ പ്രതിനിധികളായ നടീനടന്മാർ നല്ല രീതിയിലല്ല ഈ സമരത്തിനോട് പ്രതികരിച്ചത്. ശ്രീ റെഡ്ഢിയുടേത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറഞ്ഞ് അസോസിയേഷൻ അവരെ സസ്‌പെൻഡ് ചെയ്യുകയ്യും ചെയ്തു.

ഇതിന് പിന്നാലെ ശ്രീ റെഡ്ഢി തനിക്ക് വന്ന ലൈംഗിക അഭ്യർത്ഥനകളുടെയും നിരവധി സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. തെലുങ്ക് സിനിമാ മേഖലയിലെ നിരവധി തിരക്കഥാകൃത്തുക്കളും, സംവിധായകരും, നടന്മാരും തന്നോട് മോശമായി സംസാരിച്ചെന്നും കാസ്റ്റിംഗ് കൗച്ചിന് നിർബന്ധിച്ചെന്നുമുള്ള ശ്രീ റെഡ്ഢിയുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്നതായിരുന്നു പുറത്തുവിട്ട സ്ക്രീൻ ഷോട്ടുകൾ. ഇവരിൽ നിലവിൽ തെലുങ്ക് സിനിമയിലെ പ്രധാനപ്പെട്ട നടന്മാരിൽ ഒരാളായ റാണ ദഗ്ഗുബട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. തെളിവുകൾ അടക്കം പുറത്തുവന്നതോടെ വിഷയത്തിന്റെ ഗൗരവം പതിന്മടങ്ങ് വർധിക്കുകയും വിഷയം ദേശീയ ശ്രദ്ധയിലേക്ക് വരികയും ചെയ്തിരുന്നു.

ശ്രീ റെഡ്ഢി ഉന്നയിച്ച സിനിമാ മേഖലയിലെ സുരക്ഷിതത്വമില്ലായ്മയും അരക്ഷിതാവസ്ഥയുമെല്ലാം ഹൈക്കോടതി വരെ എത്തിയതോടെയാണ് സബ് കമ്മിറ്റി രുപീകരിക്കപ്പെട്ടത്. സ്ത്രീകളുടെ പ്രശ്നങ്ങളും സിനിമ മേഖലയിലെ ലിംഗ അസമത്വവും കൃത്യമായി പഠിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ദൗത്യം. സിനിമ മേഖലയിലെ പലരുമായും നിരവധി തവണ സംസാരിച്ച്, കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് 2022 ജൂണോടെ പൂർത്തിയാക്കി സമർപ്പിച്ചു. എന്നാൽ അതിതുവരെ വെളിച്ചം കണ്ടിട്ടില്ല.

യഥാർത്ഥത്തിൽ ഇങ്ങനെയൊരു കമ്മിറ്റിയും റിപ്പോർട്ട് ആരുടേയും ഓർമയിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തിയാകില്ല. ഒരിടയ്ക്ക് ഈ റിപ്പോർട്ടിനെക്കുറിച്ച് യാതൊരു പരാമർശമോ ഓർമപ്പെടുത്തലുകളോ പോലും സിനിമാ പ്രവർത്തകരിൽ നിന്നോ മറ്റോ ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളായി ഇരുട്ടിൽ കിടന്നതുപോലെ തെലുങ്ക് സിനിമാ മേഖലയിലെ സബ് കമ്മിറ്റി റിപ്പോർട്ടും വെളിച്ചം കാണാനാകാതെ പൂഴ്ത്തപ്പെട്ടിരിക്കുകയാണ്.

Related Articles
Next Story