അമ്മ എന്ന ഒറ്റവാക്കിന്റെ പൂര്‍ണത കൈവരിക്കുന്ന സിനിമ, അം അഃ മൂവി റിവ്യൂ :അം അഃ
പേരുപോലെ തന്നെ പുതമനിറഞ്ഞ ഒരു പ്രമേയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് അം അഃ. തോമസ് സെബാസ്റ്റിയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക മനസില്‍ ഇടംനേടിക്കഴിഞ്ഞു. സിനിമയുടെ പേര് സ്വരാക്ഷരങ്ങളാണ് എന്നു തോന്നുമെങ്കിലും അമ്മ എന്ന ഒറ്റവാക്കായി പൂര്‍ണത കൈവരിക്കുന്ന സിനിമയെ ലളിതവും സുന്ദരവുമാക്കി അവതരിപ്പിക്കാന്‍ ഇതിന്റെ അണിയറണപ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്ന് നിസംശയം പറയാം.
ഇടുക്കിയിലെ മലയോര ഗ്രാമവും അവിടെയുള്ള സാധാരണക്കാരായ ജനങ്ങളുമാണ് സിനിമയിലുള്ളത്. സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീഷ് പോത്തനും അമ്മിണിയമ്മയായി എത്തിയ ദേവര്‍ശിനിയുമാണ് സിനിമയുടെ നെടുന്തൂണുകള്‍. മലയോര പ്രദേശമായ കവന്ത എന്ന സ്ഥലത്ത് റോഡുപണിക്കായെത്തുന്ന സൂപ്പര്‍വൈസറാണ് സ്റ്റീഫന്‍. അദ്ദേഹം അവിടെ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമണ് സിനിമയുടെ പശ്ചാത്തലം. സസ്‌പെന്‍സും വൈകാരികതയും വളരെ മനോഹരമായി തോമസ് സെബാസ്റ്റിയന്‍ എന്ന സംവിധായകന്‍ കൃത്യതയോടെ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.
നാട്ടില്‍ അധികമാരോടും അടുപ്പമില്ലാത്ത ആളാണ് അമ്മിണിയും മകളും. അവരുടെ ജീവിതത്തിലേക്ക് സ്റ്റീഫന്‍ എത്തുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്. ഇമോഷനില്‍ ആരംഭിക്കുന്ന സിനിമ കഥാഗതിക്കനുസരിച്ച് സസ്‌പെന്‍സിലേക്കാണ് കണക്കുന്നത്. ആളുകളെ തിയേറ്ററില്‍ പിടിച്ചിരുത്തുന്ന രീതിയിലാണ് ആ സസ്‌പെന്‍സ് സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്. വൈകാരികമായ ഉള്ളടക്കങ്ങളും സിനിമയെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. വാടക ഗര്‍ഭധാരണം ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഒന്നാണ്. അറിയപ്പെടുന്ന പല വ്യക്തികളും ഇത്തരം സംഭവങ്ങളിലൂടെ കടന്നുവന്നിട്ടുമുണ്ട്. അതിന്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ കടന്നുവരുന്നുണ്ട്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടക്കുമോ എന്ന തരത്തില്‍ പ്രേക്ഷകരുടെ മനസില്‍ ചിന്തകള്‍ ഉണര്‍ത്തുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.
ദിലീഷ് പോത്തന്‍, ദേവദര്‍ശിനി, കോഴിക്കോട് ജയരാജ്, ശ്രുതി ജയന്‍, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍, ടി.ജി.രവി, അനുരൂപ്, കബനി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. മത്സരിച്ച് അഭിനയിക്കുക എന്നത് കാണിച്ച് തരുന്ന ചിത്രം അഭിനയ മുഹൂര്‍ത്തങ്ങളുടെ കാര്യത്തില്‍ പ്രേക്ഷക പ്രീതി നേടിയെടുക്കുന്നുണ്ട്.
അഭിനേതാക്കളെപ്പോലെ തന്നെ സിനിമയുടെ എല്ലാ മേഖലയും പ്രശംസനീയമാണ്. പ്രേക്ഷകനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഇമോഷണലായ പ്രമേയം തെല്ലും ഭംഗി കുറയാതെ തന്നെ കാഴ്ച്ചക്കാരിലെത്തിക്കാന്‍ ഗോപി സുന്ദറിന്റെ സംഗീതവും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്