അൻപോട് കണ്മണി : ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിന് ഒരു സന്ദേശം
നമ്മുടെ സമൂഹത്തിൽ പല കാലങ്ങളായി ചോദിച്ചു വരുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അതിലൊന്നാണ് കല്യാണം കഴിഞ്ഞവരോട് വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം. എന്നാൽ ഈ ചോദ്യം ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അത് കുടുംബ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും കാണിച്ചു തരുന്ന ചിത്രമാണ് ലിജോ തോമസ് സംവിധാനം ചെയ്ത ഫാമിലി കോമഡി ചിത്രമായ അൻപോടു കണ്മണി. അർജുൻ അശോകൻ , അനഘ നാരായണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.കണ്ണൂരാണ് കഥ നടക്കുന്നതെന്നതിനാൽ കണ്ണൂർ സ്ലാങ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ കണ്ടുകൊണ്ടിരിക്കാൻ വളരെ രസകരമാണ്.നവദമ്പതികളായ നകുലനെയും ശാലിനിയെയും അവരുടെ ജീവിതത്തെ ഭാരപ്പെടുത്തുന്ന അനാവശ്യമായ പ്രതീക്ഷകളും ആണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ചിത്രത്തിനെ പറ്റി സംസാരിക്കുമ്പോൾ, വിവാഹം കഴിഞ്ഞയുടനെ ഒരു കുട്ടിയുണ്ടാകാൻ വീട്ടുകാരും ബന്ധുക്കളും ദമ്പതികളെ എങ്ങനെ സമ്മർദ്ദത്തിലാക്കുന്നു എന്ന് സിനിമ നർമ്മപരമായി കാണിച്ചു തരുന്നുണ്ട് .സംഭവം എത്ര നർമ്മമാണെങ്കിലും സിനിമ മുന്നോട്ട് പോകുമ്പോൾ ഇത് അവരുടെ വ്യക്തിജീവിതത്തെ വല്ലാതെ ബാധിക്കുന്നതാണെന്ന് കാണാം.
നകുലനും ശാലിനിയും പ്രണയിച്ചു വിവാഹിതരാകുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ആ ചോദ്യം അവർ നേരിടാൻ തുടങ്ങി .വിശേഷം ഒന്നും ആയില്ലെ ? ആദ്യമൊക്കെ അത് നാണത്തോടെ ആസ്വദിക്കുന്ന ആ ദമ്പതികൾക്ക് പിന്നീട് മാസങ്ങൾ മുന്നോട്ട് പോകും തോറും ഈ ചോദ്യം കുറ്റപ്പെടുത്തലിലേയ്ക്കും പരിഹാസത്തിലേയ്ക്കും പോകുന്നു . ഇത്തരം സമയങ്ങളിൽ ഈ ചോദ്യങ്ങൾ എങ്ങനെ സ്ത്രീകളെ മാത്രം ബാധിക്കുന്നു എന്നത് വളരെ വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾ സഹിക്കാതാകുമ്പോൾ നകുലനും ശാലിനിയും ഒരു കുട്ടിക്കായുള്ള കഠിന പരിശ്രമം തുടങ്ങുന്നു. അതിനായി പലരും നിർദ്ദേശിക്കുന്ന പല മാർഗങ്ങളും അവർ ഉപയോഗിക്കുന്നുണ്ട്. ജ്യോത്സ്യനെ കാണുക അമ്പലത്തിൽ വഴിപാട് നടത്തുക, പലതരം ആയുർവേദ മരുന്നുകൾ കഴിക്കുക, കൂട്ടുകാരുടെ ഉപദേശങ്ങൾ കേൾക്കുക. എന്നാൽ ഇത്തരം ചോദ്യങ്ങളെ എങ്ങനെ യുവതലമുറ നേരിടണമെന്നും സിനിമയിൽ കാണിക്കുന്നുണ്ട്. സമൂഹത്തിന്റെ ഇത്തരം ചോദ്യങ്ങളെ മുതലാക്കി കൊണ്ട് കുട്ടികൾ ഉണ്ടാകാത്തവർക്ക് ചികിത്സ എന്ന വ്യാജേനെ ഒരുപാട് ആശുപത്രികൾ അവരവരുടെ നേട്ടങ്ങൾക്കുവേണ്ടി പല ചികിത്സാരീതികളും ഇന്ന് കൊണ്ടുവന്നിട്ടുണ്ട്. അത്തരം ചതിക്കുഴികൾ എങ്ങനെ ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാരിൻറെ സേവനങ്ങൾ ഏതൊക്കെ എന്നും ഉള്ള വിവരങ്ങൾ നൽകിക്കൊണ്ട് ഒരു വലിയ മെസ്സേജ് സിനിമയിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഒരു സിനിമയുടെ കഥയുമായി ഇതിന് ബന്ധം ഉണ്ടെങ്കിലും അൻപോട് കൺമണിയിൽ ഇത് വളരെ രസകരമായും സാറ്ററിക്കലായും ആണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന വലിയ ആശയം ഒട്ടും ബോറടിപ്പിക്കാതെ തന്നെ പ്രേക്ഷകരിലേക്കെത്തുന്നു. ഇത്തരം ചിത്രങ്ങൾ ആളുകൾക്ക് കൂടുതൽ ബോധവൽക്കരണം നൽകുമെന്ന് പ്രതീക്ഷിക്കാം.
സമൂഹത്തിന്റെ ചോദ്യങ്ങളിൽ നിന്നും എത്രമാത്രം ബുദ്ധിമുട്ട് അവർ അഭിനയിക്കുന്നു എന്ന് അനഘ നാരായണൻ ശാലിനിയിലൂടെ കാണിച്ചു തരുന്നുണ്ട്. പ്രസവിക്കാത്തത് സ്ത്രീയുടെ മാത്രം കുറ്റമായി കാണുന്ന ഒരു സമൂഹം എങ്ങനെയെല്ലാം മാനസികമായി അവളെ തളർത്തുന്നുണ്ട് എന്ന് ഈ സിനിമയിൽ വ്യക്തമാണ് .നകുലിന്റെ അമ്മയായി വന്ന മാല പാർവതിയുടെ അഭിനയം ഒരു സ്ഥിരം പാറ്റേണായി അനുഭവപെട്ടു. സിനിമയിൽ ഉടനീളം ഇത്തരം ചോദ്യങ്ങളുമായിട്ട് പലപല കഥാപാത്രങ്ങളും വന്നു പോകുന്നുണ്ട് ഇവരെല്ലാം തന്നെ വളരെ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്.
അനീഷ് കൊടുവള്ളിയാണ് ചിത്രത്തിൻറെ കഥ രചിച്ചിരിക്കുന്നത് . സാമുവൽ എബി, രഞ്ജിത് മേലെ പാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.