അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ചൊരിയുന്ന രൂപത്തിൽ നടിയുടെ അതിശയകരവും ക്രൂരവുമായ ഒരവതാരത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം ഗൗരവപൂർണ്ണവും ധീരവുമായ രൂപത്തിലാണ് അനുഷ്ക്കയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. നെറ്റിയിലെ ബിന്ദിയും കണ്ണുനീർ നിറഞ്ഞ കണ്ണുകളും രണ്ട് മൂക്കുത്തികളും അണിഞ്ഞ രൂപത്തിൽ ചുരുട്ട് വലിച്ചു കൊണ്ടാണ് അനുഷ്കയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ ക്രൂരമായ യാഥാർത്ഥ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാത്ത ഒരു ചിത്രമായിരിക്കും ഘാട്ടിയെന്നു പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. അവൾ വസിക്കുന്ന ഇരുണ്ടതും അപകടകരവുമായ ലോകത്തേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്ന കഥയാവും ചിത്രം പറയുകയെന്നും ഈ ഫസ്റ്റ് ലുക്ക് സൂചന തരുന്നു.

അതിജീവനത്തിന് പ്രതിരോധശേഷി മാത്രമല്ല, ഒരു പ്രത്യേക തരം ക്രൂരതയും ആവശ്യമാണ് എന്ന ടോണിൽ ഒരുക്കിയിരിക്കുന്ന പോസ്റ്റർ, വൈകാരികവും തീവ്രവും ഒരുപക്ഷേ ദാരുണവുമായ ഒരു യാത്രയ്ക്ക് കൂടിയാണ് ഒരുങ്ങുന്നതെന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നു. 'വിക്ടിം, ക്രിമിനൽ, ലെജൻഡ്' എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഇപ്പോൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരം 4:05 ന് ചിത്രത്തിന്റെ ഒരു ഗ്ലിമ്പ്സ് പുറത്തു വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഉയർന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

Related Articles
Next Story