ആ സിനിമ ഇനി ഉണ്ടാകില്ല : കാരണം വ്യക്തമാക്കി ജി വി എം

ഗൗതം വാസുദേവ് മേനോൻ്റെ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണ് , സിമ്പു പ്രധാന വേഷത്തിൽ അഭിനയിച്ച് വെന്ത് തുനിന്ദത് കാട് (വിടികെ). 2022 സെപ്തംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ഇടവേളയ്ക്ക് ശേഷമുള്ള സിമ്പുവിന്റെ വലിയൊരു തിരിച്ചുവരവ് കൂടെയായിരുന്നു. വിടികെ കൂടുതലും പോസിറ്റീവ് റിവ്യൂകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായി 'ദ ലൈഫ് ഓഫ് മുത്തു' എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. വലിയൊരു ആവേശം ഉണർത്തുന്ന രംഗത്തിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ച് ഗൗതം വാസുദേവ മേനോൻ നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഗൗതം മേനോൻ രണ്ടാം ഭാഗം ചെയ്യാത്തതിൻ്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് .
"വിടികെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥാ ജോലികൾ ഞാൻ പൂർത്തിയാക്കിയിരുന്നു . എന്നാൽ വിടികെയ്ക്ക് തന്നെ വലിയൊരു സ്കെയിൽ വേണമെന്ന് സിമ്പു ആഗ്രഹിച്ചിരുന്നു, അതിനാൽ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സിമ്പുവിന് താൽപ്പര്യമില്ല.സിനിമ റിലീസായി 25 ദിവസം കഴിഞ്ഞപ്പോഴേക്കും രണ്ടാം ഭാഗം ചെയ്യാനുള്ള ഇന്ററസ്റ്റ് ചിമ്പുവിന് നഷ്ടമായെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു. 'വളരെ ബ്രില്ലിയൻറ് ആയ കഥയാണ് അത്. ഒന്നാം ഭാഗത്തിലെ അവസാനത്തെ അഞ്ച് മിനിറ്റ് എന്റെ ഇഷ്ടപ്രകാരം ചെയ്തതല്ല. അതിന് മുൻപ് വരെയുള്ള സിനിമയുടെ സ്കെയിൽ ആണ് എന്റെ മനസിലുണ്ടായിരുന്നത്. ഇന്ന് അഭിനേതാക്കൾ വലിയ സ്കെയിലിൽ ഉള്ള സിനിമകളാണ് പ്രതീക്ഷിക്കുന്നത് ''- ജി വി എം പറയുന്നു.
സിദ്ധി ഇദ്നാനി ആയിരുന്നു ചിത്രത്തിലെ നായിക. സിദ്ധിഖ്, നീരജ് മാധവ്, രാധിക ശരത്കുമാർ, അപ്പുക്കുട്ടി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.എ ആർ റഹ്മാൻ ആണ് സിനിമക്ക് സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു. ബി ജയമോഹനും ഗൗതം മേനോനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ സിമ്പുവിന്റെ അഭിനയത്തിന് പ്രേത്യേക പ്രശംസ നേടിയിരുന്നു.