ആവേശത്തിലാറാടിക്കാൻ 'ആവേശ'ത്തിന്റെ രണ്ടാം ഭാഗമെത്തും
സൂചനകൾ പങ്കുവച്ച് അംബാനയെത്തിയ സജിൻ ബാബു
പ്രേക്ഷകരെ വീണ്ടും ആവേശത്തിലാറാടിക്കാൻ ആവേശം സിനിമയുടെ രണ്ടാം ഭാഗമെത്തും . ആവേശത്തിൽ അംബാനായെത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ ആവേശത്തിലാക്കുകയും ചെയ്ത സജിൻ ബാബുവാണ് ആവേശത്തിന്റെ രണ്ടാം ഭാഗത്തെ സംബന്ധിക്കുന്ന സൂചനകൾ നൽകിയത്. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം സൃഷ്‌ടിച്ച ഓളം ഒന്ന് വേറെയാണ്. കോമഡിയും ആക്ഷനും ഒന്നിച്ച ചിത്രം പുറത്തിറക്കിയത് നസ്രിയയും അൻവർ റഷീദും ചേർന്നാണ്.
ആദ്യാവസാനം ആവേശം നിറച്ച ഒരു ഫുൾ എനർജി പാക്കേജായിരുന്നു ആവേശം. പൂർണ്ണമായും പുരുഷന്മാർ മാത്രം അണിനിരക്കുന്ന പടം യുവാക്കളുടെ വൈബിൽ അവർക്ക് എല്ലാത്തരത്തിലും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയിരുന്നത്. ആവേശത്തിലൂടെ മലയാളത്തിൽ ഒരു രംഗണ്ണൻ ഗ്യാങ്‌സ്റ്റർ ഗാങ് ഉണ്ടായി. ആക്ഷനൊപ്പം തീയേറ്ററിൽ പൊട്ടിച്ചിരി വിതറാനും ആ ഗ്യാങ്‌സ്റ്റർ ഗാങിന് കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ മാസ്റ്റർ പീസായ സൈക്കോ ഷമ്മിയെ വെല്ലുന്ന സൈക്കോ രംഗണ്ണനെ മലയാളികൾ കയ്യടികളോടെയാണ് എതിരേറ്റത്. അങ്ങേയറ്റം ഹൈപ്പർ ആയ രംഗന്റെ അടുത്ത നീക്കങ്ങളെന്താണെന്ന് ഊഹിക്കാൻ ആവില്ല. ആ ആകാംഷ തന്നെയാണ് പ്രേക്ഷകനെ എന്റെർറ്റൈൻ ചെയ്തതും. ചിത്രത്തിലെ പാട്ടുകളും വാൻ സ്വീകാര്യതയാണ് ലഭിച്ചത്. അങ്ങനെയിലൊരു ചിത്രത്തിൻറെ രണ്ടാം ഭാഗം ആരാധകർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അമ്പാന്റെയും രംഗണ്ണന്റെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകലോകം. രണ്ടാം വരവിൽ രംഗണ്ണന്റെ ഗാങ്ങിൽ പുതിയതായി ആരൊക്കെ ഉണ്ടാകുമെന്നുള്ള ആകാംഷയും ആരാധകർക്കുണ്ട്.