ദുല്‍ഖറിനെ കുറിച്ച് തിലകന്‍ പറഞ്ഞു: 'നല്ല അഭിനയം, അവന് ഭാവിയുണ്ട്'

ദുല്‍ഖറിനെ കുറിച്ച് തിലകന്‍ പറഞ്ഞു: 'നല്ല അഭിനയം, അവന് ഭാവിയുണ്ട്'


നടന്‍ തിലകന്മകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്റെ ഒരു അഭിമുഖം ശ്രദ്ധേയമാകുന്നു. തിലകന്‍, ദുല്‍ഖര്‍ സല്‍മാനെ കുറിച്ചു പറഞ്ഞ നല്ല വാക്കുകളാണ് അഭിമുഖത്തില്‍ ഷോബി ഓര്‍ത്തെടുക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിലാണ് തിലകനും ദുല്‍ഖറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഉപ്പുപ്പയും ചെറുമകനുമായി ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്.

ഷോബി തിലകന്റെ വാക്കുകള്‍: പ്രശംസിക്കാന്‍ വളരെ മടിയുള്ള കൂട്ടത്തില്‍ ഉള്ള ആളാണ് അച്ഛന്‍. പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗിനുള്ള സ്റ്റേറ്റ് അവാര്‍ഡ് എനിക്കായിരുന്നു. ഞാന്‍ അച്ഛനെ വിളിച്ച് അവാര്‍ഡ് കിട്ടിയ വിവരം പറഞ്ഞു. ആ എന്ന മറുപടിയില്‍ ഒതുക്കി അച്ഛന്റെ പ്രതികരണം. അത് എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം അച്ഛന്‍ അങ്ങനെയാണ്. പ്രശംസിക്കാന്‍ പിശുക്കു കാണിക്കുന്ന വ്യക്തി.

ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലായിരുന്നു അച്ഛനും അഭിനയിച്ചത്. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ഉപ്പുപ്പയുടെ റോള്‍. അവര്‍ ഇരുവരുടെയും കെമിസ്ട്രി അതി ഗംഭീരമായിരുന്നു. ആ സിനിമ ഇറങ്ങിയതിനു ശേഷം ഞാനും അച്ഛനും ഒരു വിദേശ യാത്ര നടത്തി. ഫ്‌ളൈറ്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അച്ഛനോട് ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. വളരെ നല്ല അഭിനയമാണ് ദുല്‍ഖറിന്റേത്. അവനു നല്ല ഭാവിയുണ്ട്.' ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യം പറഞ്ഞത്.

എക്സ്രാ ഓര്‍ഡിനറിയായ പ്രകടനത്തിനു മാത്രമേ തിലകന്‍ ഇങ്ങനെ അഭിപ്രായം പറയാറുള്ളൂ, അതാണ് ദുല്‍ഖറിനു കിട്ടിയതെന്നും ഷോബി പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട ഗ്യാപ്പിനു ശേഷം ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തിലകന്‍ അഭിനയിച്ചതിനെ കുറിച്ചും ഷോബി തിലകന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

sithi
sithi  
Related Articles
Next Story