മകള്‍ കീര്‍ത്തി സുരേഷ് വാങ്ങുന്ന പ്രതിഫലം ഇന്നേവരെ കുറച്ചിട്ടുണ്ടോ ? സുരേഷ് കുമാറിന് മറുപടിയുമായി നടൻ ജയൻ ചേർത്തല

Update: 2025-02-15 08:14 GMT

മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്ന വാക്പോരിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ജയൻ ചേർത്തല. ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു. തുടർന്ന് ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങളും നിർമ്മാതാക്കളും എത്തിയതോടെ മലയാള സിനിമയിൽ ഇപ്പോൾ വലിയ തർക്കമാണ് നടക്കുന്നത്.

നിർമ്മാതാവ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന നടത്തിയ പത്രസമ്മേളനത്തിൽ സിനിമാ മേഖല നഷ്ടത്തിലാണെന്നും ജൂൺ ഒന്നാം തീയതി മുതൽ സമരത്തിലോട്ട് പോവുകയാണെന്നുമാണ്. ഇതിനു പ്രധാനമായും പോരാഞ്ഞ കാരണം അഭിനേതാക്കളുടെ അമിതമായ പ്രതിഫലം ആണ്. ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് നടൻ ജയൻ ചേർത്തല. താരങ്ങൾ ഉള്ളതിനാൽ ആണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാകുന്നതെന്നും, സംഘടനയിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകള്‍ മാത്രമേ ആളുകള്‍ തിയേറ്ററില്‍ പോയി കാണാന്‍ പാടുള്ളൂ എന്നത് അഹങ്കാരം ആണെന്നും ജയൻ ചേർത്തല പ്രതികരിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഏതു ഭാഷയിലാണെങ്കിലും ഒരു സിനിമ കമേഴ്ഷ്യലി ഹിറ്റ് ആവാൻ വേണ്ടിയിട്ടാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പർസ്റ്റാറുകളും സൂപ്പർ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങൾ ഉള്ളതുകൊണ്ടാണ്. അവർക്ക് താരങ്ങളെ ആവശ്യമാണ്.


എന്നാല്‍ പണം കൊടുക്കാന്‍ പറ്റില്ല. മാത്രവുമല്ല അഭിനേതാക്കള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്ന് പറയുന്നത് ന്യായമായ കാര്യമാണോ? മലയാളത്തില്‍ ഒരു വര്‍ഷം ഇറങ്ങുന്ന എല്ലാ സിനിമകളും നിര്‍മിക്കുന്നത് അഭിനേതാക്കളാണോ? സംഘടനയിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകള്‍ മാത്രമേ ആളുകള്‍ തിയേറ്ററില്‍ പോയി കാണാന്‍ പാടുള്ളൂ എന്ന് പറയുന്ന അഹങ്കാരമൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി.’-ജയൻ ചേർത്തല പറയുന്നു.

താരങ്ങളെ വച്ചുകൊണ്ട് ലാഭമുണ്ടാക്കിയിട്ടുള്ള പ്രൊഡ്യൂസർമാരാണ് ഇന്നത്തെ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്തുള്ളതും.

അവർ തന്നെയാണ് താരങ്ങൾക്ക് വില കുറയ്ക്കണം എന്ന് പറയുന്നത്. അതൊരിക്കലും ന്യായമായുള്ള കാര്യമല്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് കൊണ്ട് ഒരു സിനിമ ലാഭത്തിൽ ആകുമോ? താരങ്ങൾക്കാണോ മുഴുവൻ പൈസയും കൊടുക്കുന്നത്? അത് തികച്ചും താരങ്ങൾക്കെതിരെയും താര സംഘടനയ്ക്കെതിരെയും കോർണർ ചെയ്യാൻ വേണ്ടിയുള്ള പ്ലാൻ ചെയ്ത ഒരു ആരോപണം മാത്രമാണ്.

മറ്റൊരു കാരണമായി പറയുന്നത്, താരങ്ങൾ സിനിമ നിർമിക്കാൻ പാടില്ല എന്നാണ്. ഈ പറയുന്നത് എന്ത് വൃത്തികേടാണ്. ഇവിടെ സിനിമ ഇൻഡസ്ട്രി ഉള്ളത് കൊണ്ട് എത്ര പേര് ആണ് ജീവിച്ചു പോകുന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് ഏതാണ്ട് 150 ഓളം പേർ പ്രവർത്തിക്കുന്നുണ്ട്. ആ താരങ്ങൾ സിനിമ നിർമിക്കാൻ പാടില്ല എന്നുപറയുന്നത് പഴയ കാലത്തെ വ്യവസ്ഥിതിയാണ്. നിങ്ങളൊക്കെ അടിയാന്മാർ ഞങ്ങൾ മുതലാളിമാർ എന്ന കാഴ്ചപ്പാടാണത്.

വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിന്റെ നിലപാട് വിശദീകരിക്കേണ്ടത് അദ്ദേഹമാണ്. സുരേഷ് കുമാറിന്റെ നിര്‍മാണ കമ്പനിയുടെ പേര് രേവതികലാമന്ദിര്‍ എന്നാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ നിര്‍മാതാവിന്റെ സ്ഥാനത്ത് എപ്പോഴും കാണുന്ന പേര് മേനക സുരേഷ് കുമാര്‍ എന്നാണ്. മേനക ചേച്ചി അഭിനേത്രി കൂടിയാണ്. അമ്മയിലെ അംഗവുമാണ്. സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുമോ? അദ്ദേഹത്തിന്റെ മകള്‍ കീര്‍ത്തി സുരേഷ് കോടികള്‍ വാങ്ങുന്ന നടിയാണ്. ഇന്നുവരം ഒരു രൂപവ കുറച്ച് സിനിമ ചെയ്ത കാര്യം നമ്മുടെ അറിവിലുണ്ടോ?.’- ജയൻ ചേർത്തല വ്യക്തമാക്കി.

അതിനോടൊപ്പം അമ്മ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമര്‍ശം സുരേഷ് കുമാര്‍ പിന്‍വലിക്കണമെന്നുമാണ് ജയൻ ചേർത്തല പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയുടെ കടം തീര്‍ക്കാന്‍ സ്‌റ്റേജ് ഷോ നടത്താന്‍ താരങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സഹകരിച്ചത് മറക്കരുതെന്നും ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News