ദൃശ്യകലയിലെ ശില്‍പ്പഭദ്രത ; ഭരതന്റെ ഓർമകൾക്ക് 26 വർഷം
Bharathan;
മലയാള സിനിമയില്‍ വിസ്മയ സൃഷ്ടികളൊരുക്കിയ പ്രതിഭ. സംവിധായകന്, തിരക്കഥാകൃത്ത്, ചിത്രസംയോജകന്‍, ഗാന രചയിതാവ്, കലാസംവിധായകന്‍ തുടങ്ങി പലനിലകളില്‍ മികവുതെളിയിച്ച ചലച്ചിത്രകാരന് എന്നിങ്ങനെ ഭരതന്നെ ഓർക്കാത്ത മലയാളികളും മലയാള സിനിമയുമില്ല.
അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കാൽ നൂറ്റാണ്ടിലെ ചലച്ചിത്ര സപര്യയില്‍ 40 മികവുറ്റ ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമലോകത്തിന് സമ്മാനിച്ചത്. പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവുമായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. പ്രേക്ഷക മനസില്‍ പ്രണയവും ഗൃഹാതുരതയും വൈകാരിക വിക്ഷോഭങ്ങളുമെല്ലാം നിറച്ച സംവിധായകന്.
1946 നവംബര്‍ 14ന് പാലിശ്ശേരി പരമേശ്വര മേനോന്റെയും കാർത്ത്യായനി അമ്മയുടെയും മകനായി ജനിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകന് പി.എന്‍ മേനോന്റെ ജ്യേഷ്ഠ പുത്രന് കൂടിയായിരുന്നു. പ്രശസ്ത നാടക ചലച്ചിത്ര നടി കെ.പി.എ.സി. ലളിത ഭാര്യ ആണ്. നടനും സംവിധായകനുമാണ് മകൻ സിദ്ധാർഥ് ഭരതന്.
സംവിധായകന് പുറമെ ഒരു തിരക്കഥാകൃത്ത് കൂടിയായിരുന്നു ഇദ്ദേഹം ഏതാനും ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ് 'കേളി' എന്ന സിനിമയിലെ 'താരം വാൽക്കണ്ണാടി നോക്കി' എന്ന ഗാനം. കൈതപ്രത്തിന്റെ ഗാന രചനയില്‍ ഭരതന്റെ സംഗീതത്തില്‍ കെ.എസ് ചിത്രയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.'കേളി'യിലെ തന്നെ 'ഓലേലം പാടി' എന്ന ഗാനത്തിനും അദ്ദേഹം സംഗീതം ഒരുക്കി. കൂടാതെ 'ഈണം' എന്ന സിനിമയിലെ 'മാലേയ ലേപനം', 'അമ്പാടിക്കുട്ടാ' എന്നീ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നു. 'കാതോട് കാതോരം' എന്ന സിനിമയ്ക്ക് വേണ്ടി പ്രശസ്ത സംഗീത സംവിധായകന് ഔസേപ്പച്ചന്റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു.
1975ല്‍ 'പ്രയാണം' എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. പത്മരാജന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മലയാള സിനിമയില്‍ കാല്‍പ്പനിക തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് ഭരതന്. ഒടുവിൽ 1998 ജൂലൈ 30ന് അദ്ദേഹം അന്തരിച്ചു . വിട പറയുമ്പോള്‍ 52 വയസ്സായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഈ അതുല്യ പ്രതിഭയുടെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമായി തുടരുന്നു.