"ഞാനൊരു വിഡ്ഢിയല്ല; ആൻ്റണി സിനിമകൾ കണ്ടുതുടങ്ങുമ്പോൾ ഞാൻ നിർമ്മാതാവ് ആണ്'' ;വിമർശനത്തിനെതിരെ പ്രതികരിച്ച് സുരേഷ് കുമാർ

Update: 2025-02-14 05:58 GMT

കേരള സിനിമാ സമര ആഹ്വാനത്തെയും എമ്പുരാൻ്റെ ബജറ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളെയും കഴിഞ്ഞ ദിവസം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചോദ്യം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ആന്റണി പെരുമ്പാവൂർ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെയും വൈസ് പ്രസിഡന്റ് നിർമ്മാതാവ് ജി സുരേഷ് കുമാറിനെതിരെയും രൂക്ഷമായ വിമർശനം നടത്തിയത്.

എന്നാൽ ഇപ്പോൾ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് കുമാർ. ജൂണ് ഒന്നുമുതല് പണിമുടക്ക് നടത്താനുള്ള തീരുമാനം ഏകപക്ഷീയമായല്ലെന്നും വിവിധ സിനിമാ സംഘടനകളുമായി നടത്തിയ വിപുലമായ ചർച്ചയുടെ ഫലമാണെന്നും സുരേഷ് കുമാർ പറയുന്നു.

"അസോസിയേഷനിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തി എന്ന നിലയിലും സംഘടനയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ആളെന്ന നിലയിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല. ഒന്നിലധികം സംഘടനകളുമായി ദീർഘനാളായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്," സുരേഷ് കുമാർ പറഞ്ഞു.

"ഞാനൊരു വിഡ്ഢിയല്ല. 46 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. ആൻ്റണി സിനിമകൾ കാണാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ നിർമ്മാതാവ് ആണ്. ആന്‍റണി മോഹന്‍ലാലിന്‍റെ അടുത്ത് വരുന്ന കാലം മുതല്‍ എനിക്ക് അറിയാം. ഞാന്‍ അങ്ങനെ വല്ലതും വിളിച്ചുപറയുന്ന വ്യക്തിയല്ല.  അസോസിയേഷൻ്റെ ഒരു മീറ്റിംഗിലും ആൻ്റണി പങ്കെടുക്കുന്നില്ല, അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല."

ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ എമ്പുരാനെക്കുറിച്ച് സംസാരിച്ചത്. പ്രസ്താവന പിൻവലിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ അത് ചെയ്യും. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല." ആൻ്റണിയുടെ വിമർശനത്തിനെതിരെ പ്രതികരിച്ചുകൊണ്ട് സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

എന്നാൽ ഈ വിവാദങ്ങൾക്കും ചർച്ചകൾക്കുമിടയിൽ സമരം ആസൂത്രണം ചെയ്തപോലെ തന്നെ മുന്നോട്ട് പോകുമെന്ന് സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 1 മുതൽ മലയാള സിനിമാ വ്യവസായം സമരത്തിൽ ആണെന്ന് സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇത് വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മലയാള സിനിമകളുടെ ബോക്‌സ് ഓഫീസ് വിജയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിലെ പൊരുത്തക്കേടുകളും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. മലയാളം സിനിമകൾ 100 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ടെങ്കിൽ ആ റെക്കോർഡ് ആൻ്റണിയും മറ്റും കാണിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.ആൻ്റോ ജോസഫ് മെയ് വരെ അസോസിയേഷനിൽ നിന്ന് അവധി ആണെന്നും അതിനാലാണ് വൈസ് പ്രസിഡൻ്റെന്ന നിലയിൽ താൻ മീറ്റിംഗിൽ സംസാരിച്ചതെന്നും സുരേഷ് കുമാർ പറയുന്നു.

Tags:    

Similar News