ഈ വാഴ കൊള്ളാം; ആൺമക്കളുടെ നഗ്നമായ മഹത്വവൽക്കരണം
vazha movie review
വാഴ, ബയോപിക്ക് ഓഫ് എ ബില്ല്യൻ ബോയ്‌സ് എന്ന ടൈറ്റിൽ തന്നെ എല്ലാമുണ്ട്. ഇതൊരു അസാധാരണ കഥയോ സംഭവമോ സംഗതിയോ അല്ല. എന്നിട്ടുമതിനെ അസാധാരണമായി അവതരിപ്പിച്ചു അതാണ് വാഴയുടെ പ്രത്യേകത. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർക്കുകയാണ് നവാഗതനായ ആനന്ദ് മേനോന്റെ വാഴ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായവരുടെ സാന്നിധ്യം തന്നെയാണ് ഈ റിലീസിനു മുമ്പേ ചർച്ചയാക്കിയത്. 2കെ കിഡ്സിനെ ഈ ചിത്രം ഒരിക്കലും നിരാശപ്പെടുത്തിയില്ല. 90സ് കിഡ്സിനു ബന്ധപ്പെടുത്താവുന്ന ഒട്ടേറെ വൈകാരിക മൂഹുർത്തങ്ങളും സിനിമയിലുണ്ട്.
ഏതാനും കുട്ടികളുടേയും അവരുടെ കുടുംബത്തിന്റേയും ജീവിതങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. എങ്കിലും തിരിഞ്ഞൊന്ന് നോക്കിയാൽ ഇത് നമ്മുടെ കുടുംബമാണതെന്ന് ഭൂരിപക്ഷം പേർക്കും മനസ്സിലാകും. അജോ, വിഷ്ണു, മൂസ, അബ്ദുൽ കലാം, വിവേകാനന്ദൻ എന്നിങ്ങനെ പല തലങ്ങളിലുള്ള കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് ഈ സിനിമ. ലോകത്ത് മൂന്നു തരത്തിലുള്ള കുട്ടികളാണുള്ളതെന്നാണ് സിനിമ പറയുന്നത്. ആദ്യ വിഭാഗം നന്നായി പഠിച്ച് തങ്ങൾക്കിഷ്ടപ്പെട്ട ജോലി നേടുന്നവർ, രണ്ടാമത്തെ വീട്ടുകാർക്കായി പഠിച്ച് അവർ പറയുന്ന ജോലി നേടുന്നവർ, എന്നാൽ ഇതു രണ്ടിലും പെടാത്തവരാണ് മൂന്നാമത്തെ വിഭാഗം. അവരെ കുറിച്ചാണ് വാഴ എന്ന ഈ സിനിമ. ആർക്കു വേണ്ടിയും പഠിക്കുകയുമില്ല, എവിടേയും എത്തുകയുമില്ല. എന്തെങ്കിലും ചെയ്താൽ അതൊക്കെ പാളിപ്പോവുകയും ചെയ്യും.
മക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും തനിക്ക് സാധിക്കാത്തത് മക്കളിലൂടെ സാക്ഷാത്ക്കരിക്കണമെന്ന് ആഗ്രഹിക്കുന്ന ടിപ്പിക്കൽ അച്ഛന്മാരാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. ഈ അച്ഛൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നോബി മാർക്കോസും കൈയ്യടി അർഹിക്കുന്നവരാണ്. ഇവർ മൂവരും ഈ സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.
എല്ലാവരേയും പോലെ സ്‌കൂളിൽ പോകുന്ന മക്കൾ, മാർക്കൊന്നും കിട്ടില്ലെങ്കിലും തപ്പിത്തടഞ്ഞ് ഫീസും കൊടുത്ത് എൻജിനിയറിംഗിനും ചേരും. അതുപിന്നെ സപ്ലിയും ബാക്ക് പേപ്പറുകളുമായി തുടരും. പല ഏടാകൂടങ്ങളിലും ചെന്നു ചാടുന്ന മക്കളെ എങ്ങനെയൊക്കെ നന്നാക്കാൻ നോക്കിയിട്ടും അവരതിലേക്കെത്താതായതോടെ അച്ഛന്മാർ എഴുതിത്തള്ളുന്നേടത്തേക്കെത്തുന്നുണ്ട് കഥ.
മകനോട് കർശനമായി പെരുമാറുന്ന അച്ഛനാണ് കോട്ടയം നസീർ അവതരിപ്പിച്ച കഥാപാത്രം. മകനൊരിക്കലും തന്റെ സ്വപ്‌നങ്ങളിലേക്കെത്തില്ലെന്ന് തിരിച്ചറിയുന്നതോടെ വീട്ടിനകത്ത് അയാൾ നടത്തുന്നൊരു പ്രകടനമുണ്ട്. കോട്ടയം നസീറും സ്മിനോ സിജോയും ചേർന്നുള്ള രംഗം ഈ സിനിമയിലെ ഏറ്റവും ശക്തവും മനോഹരവുമായ കാഴ്ചകളിലൊന്നാണ്. അതുപോലെ തന്നെ ആശുപത്രി വാർഡിനു പുറത്ത് അസീസ് നെടുമങ്ങാട് നടത്തുന്ന പ്രകടമനം. മകന്റെ കൂട്ടുകാരന്റെ പിതാവിൻ്റെ കുറ്റപ്പെടുത്തലിൽ മകനു നേരെ ആക്രോശിച്ചെത്തുന്ന അസീസ് ആ സമയത്ത് ജീവിക്കുകയാണെന്ന് തോന്നിപ്പോകും.
എന്നാൽ പഠിപ്പും നല്ല ജോലിയും കിട്ടിയിട്ടും കുടുംബത്തിൽ പരാജയപ്പെട്ടുപോകുന്ന മക്കളും ഈ സിനിമയുടെ ഭാഗമാണ്.കുട്ടികളേക്കാൾ മാതാപിതാക്കൾക്കാണ് ഈ സിനിമ നല്ല സന്ദേശം സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളേക്കാൾ രക്ഷിതാക്കളാണ് ഈ സിനിമ കാണേണ്ടത്. തെങ്ങ് പോലെ എല്ലാ ഭാഗവും ഉപയോഗപ്രദമായ സസ്യം കൂടിയാണ് വാഴ.എന്നിട്ടും മക്കളെയോ മറ്റുള്ളവരെയോ നോക്കി 'വാഴ' എന്നുവിളിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിക്കണം.
ചിത്രത്തിൽ സിജു സണ്ണി, അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ്, സാഫ്, അൻഷിദ് അനു, ഹാഷിർ, അശ്വിൻ, ശ്രുതി മണികണ്ഠൻ, സിയ വിൻസെന്റ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, പ്രിയ ശ്രീജിത്, സ്മിനു സിജു എന്നിവരുടെ അഭിനയം ഒന്നിന്നൊന്ന് മികച്ചതാണ്. ജയജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിപിൻ ദാസാണ് വാഴയുടെ രചന. യുവതലമുറയുടെ തൊഴിൽ ഇല്ലായ്മയും സ്വത്വ പ്രതിസന്ധികളും 2024-ലും പ്രസക്തിയുണ്ടെന്ന് അടിവരയിടുന്നുണ്ട് ഈ ചിത്രം.