ആൾട്ടർനേറ്റീവ് ഹിസ്റ്ററിയുമായി ഒരു വ്യത്യസ്ത കുറ്റാന്വേഷണ ചിത്രം
റിവ്യൂ : രേഖാചിത്രം;
എല്ലാവർക്കും പരിചിതമായ ഒരു കഥ, അതിൽ നിന്നും ആരും ശ്രെദ്ധിക്കാതെ പോയ ഒരു കാര്യത്തിൽ നിന്നും മറ്റൊരു കഥ ഉണ്ടാക്കിയാൽ അത് ചരിത്രത്തിൻ്റെ ഗതിയെ എങ്ങനെ മാറ്റിമറിച്ചേക്കാമെന്ന് ഊഹിച്ചിട്ടുണ്ടോ നിങ്ങൾ ? എന്നാൽ മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു ജർണറായ ആൾട്ടർനേറ്റീവ് ഹിസ്റ്ററിയുമായി എത്തിയിരിക്കുകയാണ് രേഖാചിത്രം എന്ന സിനിമയിലൂടെ സംവിധായകൻ ജോഫിൻ ടി ചാക്കോ. ദി പ്രിസ്റ്റീന് ശേഷം ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലി, അനശ്വര രാജൻ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണ് രേഖാചിത്രം. സിനിമയ്ക്കുള്ളിലെ ഒരു സിനിമ കഥ പറയുന്ന രേഖാചിത്രത്തിൽ സിനിമ തുടങ്ങി ആദ്യ 10 മിനിറ്റിൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താൻ തക്ക വണ്ണമുള്ളതെല്ലാം സംവിധായകൻ ഒരുക്കി വെച്ചിട്ടുണ്ട്.
എൺപതുകളിൽ നടന്ന ഒരു കൊലപാതകത്തിന് പിന്നാലെ പോകുന്ന പോലീസുകാരൻ ചെന്നെത്തുന്ന വഴികളും, കണ്ടുമുട്ടുന്ന ആളുകളും, അവർ പറയുന്ന വ്യത്യസ്തമായ കഥകളും ഈ സംഭവത്തിന്റെ ചുരുൾ അഴിക്കുമോ എന്നതാണ് രേഖാചിത്രം പറയുന്നത്.
ഓൺലൈൻ റമ്മി ഗെയിം കളിച്ചു സസ്പെൻഷൻ കിട്ടിയ സി ഐ വിവേക് ഗോപിനാഥനായി ആണ് ആസിഫ് അലി ചിത്രത്തിൽ വേഷമിടുന്നത്. സസ്പെൻഷന് ശേഷം മലക്കപ്പാറ എന്ന മലയോര ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേയ്ക്ക് അയാൾക്ക് സ്ഥലംമാറ്റം ലഭിക്കുകയും, ചാർജെടുത്ത ആദ്യ ദിവസം തന്നെ രാജേന്ദ്രൻ എന്ന വെക്തി കട്ടിൽ സ്വയം വെടിയുതിർത്ത് മരിക്കുകയൂം ചെയുന്നു. മരണത്തിനു മുൻപ് ഫേസ് ബുക്ക് ലൈവിലൂടെ 40 വർഷങ്ങൾക്ക് മുൻപ് അയാളുടെയും സുഹൃത്തുക്കളുടെ ജീവിതത്തിൽ നടന്ന ഒരു നിർണ്ണായക സംഭവം വെളിപ്പെടുത്തി കുറ്റം ഏറ്റു പറഞ്ഞ ശേഷമായിരുന്നു രാജേന്ദ്രന്റെ മരണം. താനും സുഹൃത്തുക്കളും ഒരാളെ ആ കട്ടിൽ താനിരിക്കുന്നതിന്റെ അടുത്ത കുഴിച്ചിട്ടിട്ടുണ്ട് എന്നായിരുന്നു രാജേന്ദ്രന്റെ വെളിപ്പെടുത്തൽ. സസ്പെൻഷൻ കിട്ടിയ പോലീസുകാരൻ എന്ന ലേബലിൽ നിന്ന് മാറാനുള്ള ഒരു തുറുപ്പ് ചീട്ടായി ആണ് വിവേക് ഗോപിനാഥൻ ഈ സംഭവം കാണുന്നത്. ശേഷം അവിടെ നടന്ന പരിശോധനയിൽ ഒരു അസ്ഥികൂടം ലഭിക്കുകയൂം അതിനു പിന്നിലെ രഹസ്യം അന്വേഷിച്ചു പോകുന്നതുമാണ് രേഖാചിത്രം പറയുന്നത്.
ആരാണ് കൊല്ലപ്പെട്ടത് ? ഇതിനാണ് അവർ കൊലചെയ്തത് ? ആരൊക്കെയാണ് ഇതിനു പിന്നിൽ ? ഏതൊരു കുറ്റാന്വേക്ഷണ സിനിമ പോലെയും ഇത്തരം ചോദ്യങ്ങൾ തന്നെയാണ് രേഖാചിത്രം മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ അതിൽ ഏറെ വ്യത്യസ്തത സംവിധായകൻ ജോഫിൻ ടി ചാക്കോ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അതിനു പിന്നിൽ പ്രേക്ഷകന്റെ മനസിനെ പിടിമുറിക്കുന്ന കരുത്തുറ്റ എന്നാൽ ഏറെ ആകർഷകമാകുന്ന തിരക്കഥയാണ് ജോൺ മന്ത്രിക്കൽ ഒപ്പം രാമു സുനിലും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ദുരൂഹതകൾ ഏറെ നിറഞ്ഞ മലയാളത്തിലെ ഒരു മാസ്റ്റർ പീസ് ചിത്രമായാ കാതോട് കാതോരത്തിന് രേഖാചിത്രവുമായി വളരെ അടുത്ത ബന്ധം തന്നെയുണ്ട് . അതിനു വേണ്ടി കഥ തിരക്കഥ ടീം നടത്തിയിരിക്കുന്ന ഗവേഷങ്ങളും പഠനവും അഗീകരിക്കേണ്ടത് തന്നെയാണ്. അത്രയ്ക്ക് മികച്ച രീതിയിൽ തന്നെ സിനിമ നടപ്പിലാക്കാൻ മുഴുവൻ ടീമിനും കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലക്കേഷനിലേയ്ക്ക് അതിന്റെ പിന്നാമ്പുറ കാഴ്ചകളിലേയ്ക്കും സിനിമ നമ്മളെ കൊണ്ടുപോകുന്നുണ്ട്. നിരവധി സിനിമയിലൂടെയും, അഭിനേതാക്കളിലൂടെയും , യഥാർത്ഥ സംഭവങ്ങളിലൂടെയും കടന്നു പോകുന്ന ഒരു കഥ....
രേഖാചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് താരങ്ങളുടെ അഭിനയം. കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് അവർ അഭിനയിക്കുന്നതിനപ്പുറം ജീവിക്കുകയാണ് എന്ന് തോന്നുന്ന തരത്തിലായിരുന്നു പലരുടെയും പ്രകടങ്ങൾ . ആസിഫ് അലി എന്ന നടന്റെ അഭിനത്തിന്റെ പല തലങ്ങൾ കണ്ടാണ് 2024 അവസാനിച്ചതെങ്കിൽ , ഈ വർഷം തുടങ്ങുമ്പോൾ തന്നെ അതിലും മികച്ചത് തന്റെ കയ്യിൽ ഉണ്ടെന്നു ഈ നടൻ കാണിച്ചു തരികയാണ്. തന്റെ ആവിശ്യത്തിന് വേണ്ടി അന്വേഷണം ആരംഭിക്കുന്ന പോലീസുകാരനിൽ നിന്നും, കടന്നു പോകുന്ന വഴികളിലുടെയും, കണ്ടുമുട്ടുന്നവരിൽ നിന്നും അടുത്തറിയുന്ന ആ വ്യക്തിയിലേക്ക് ഒരു ആത്മ ബന്ധം വിവേക് ഗോപിനാഥൻ എന്ന പോലീസുകാരന് തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം രംഗങ്ങളിൽ ആസിഫ് എന്ന നടന്റെ അതിശയിപ്പിക്കുന്ന പ്രകടനം നമുക്ക് കാണാൻ കഴിയും . വിവേകിന്റെ അന്വേഷണ വഴികളിൽ എല്ലാം ഏറെ ദുരുഹതകൾ നിറഞ്ഞ രേഖ എന്ന പെൺകുട്ടിയായി അനശ്വര രാജൻ മികച്ചരീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഹരിശ്രീ അശോകൻ,സിദ്ധിഖ് , ഇന്ദ്രൻസ്, മനോജ് കെ ജയൻ, നിഷാന്ദ്, സായികുമാർ, ഭാമ അരുൺ, ഉണ്ണി രാജൻ, എന്നിവർ അവരുടെ കഥാപാത്രങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്. മറ്റൊരു അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയത് സരിൻ ശിഹാബ് ആണ്. ആട്ടം എന്ന ചിത്രത്തിന് ശേഷം സരിന്റെ വളരെ വ്യത്യസ്തമായ കഥാപാത്രവും പ്രകടനംവും രേഖാചിത്രത്തിൽ ഉണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയായതിനാൽ ഒട്ടേറെ സിനിമാക്കാരും ചിത്രത്തിൽ ഉണ്ട്. കമൽ, ജഗദീഷ്, ഇതിൽ ഉൾപ്പെട്ട അതിഥി വേഷങ്ങൾ ആണ്.
മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഓരോ സീനുകളിമയി ഇഴകി ചേർന്ന് പോകുന്ന തരം പശ്ചാത്തല സംഗീതമാണ് സിനിമയിൽ മൂജീബ് ഒരുക്കിയിരിക്കുന്നത്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.
ഇതുകൂടാതെ നിരവധി സർപ്രൈസുകളും ചിത്രത്തിൽ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിനെ ചുറ്റി പറ്റിയുള്ള കഥയായതിനാൽ എല്ലായിടത്തും മമ്മൂട്ടി ഉള്ള ഒരു സിനിമായാണ് രേഖാചിത്രം. മമ്മൂട്ടി സിനിമയിൽ ഉണ്ടോ എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ , നന്ദി മമ്മൂക്ക എന്ന് മാത്രമേ ഇപ്പോ പറയാൻ കഴിയുള്ളു. ആസിഫ് അലി പറഞ്ഞപോലെ ഈ രേഖാചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.