വീണ്ടും കേരളം പാടുന്നു... സംഗീതപ്രതിഭകളെ വാർത്തെടുക്കാൻ സ്റ്റാർസിംഗർ സീസൺ 10 എത്തുന്നു
മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് തുടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10 - ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവ്, ഔസേപ്പച്ചൻ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, സ്റ്റാർ സിങ്ങർ സീസൺ 10 ന്റെ ജഡ്ജുമാരായ കെ എസ് ചിത്ര, വിധു പ്രതാപ്, സിത്താര, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ.
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29 , 30 ( ശനി , ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികൾ ഏറേ കാത്തിരുന്ന സ്റ്റാർ സിങ്ങർ സീസൺ 10 - ന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും. " സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു " - എന്ന ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കേരളം മുഴവൻ ഇപ്പോൾ സംഗീതമാമാങ്കം.കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളിൽ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിക്കാൻ കഴിയും.