ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ അർജുൻ കപൂറിന് പരിക്ക്
'മേരെ ഹസ്ബൻഡ് കി ബീവി' എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു അപകടം. മുംബയിലെ ഇമ്പീരിയർ പാലസിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.;
സുരക്ഷാമുൻകരുതലിലുണ്ടായ വീഴ്ചയെ തുടർന്ന് ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ അർജുൻ കപൂറിന് പരിക്ക്. 'മേരെ ഹസ്ബൻഡ് കി ബീവി' എന്ന ഹിന്ദി ചിത്രത്തിന്റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകർന്നു വീണാണ് താരത്തിന് അപകടമുണ്ടായത്. മുംബയിലെ ഇമ്പീരിയർ പാലസിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. കൂടെയുണ്ടായിരുന്ന മറ്റ് സിനിമാപ്രവർത്തകർക്കും പരിക്കുകളേറ്റിട്ടുണ്ട്. നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനീ , സംവിധായകൻ മുദസർ അസീസ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്. ഡബ്ല്യൂ .ഐ.സി.ഇ ) അംഗം അശോക് ദുബയ് ആണ് അപകടത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം പറയുന്നതനുസരിച്ച് സൗണ്ട് സിസ്റ്റത്തിൽ നിന്നുള്ള വൈബ്രേഷനാണ് അപകട കാരണം.
പലതരത്തിലുള്ള വിമർശനങ്ങളാണ് അപകടത്തിന്റെ ഭാഗമായി ഉയരുന്നത്. ഷൂട്ടിങ്ങിന് മുൻപായി സെറ്റിന്റെ സുരക്ഷാ പരിശോധിച്ചുറപ്പിക്കാറില്ലെന്നാണ് ഗാനരംഗങ്ങളുടെ കോറിയോഗ്രാഫറായ വിജയ് ഗാംഗുലി വിമർശിക്കുന്നത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിന്റെ രണ്ടാം ദിവസമാണ് അപകടമുണ്ടാകുന്നത്. ആദ്യ ദിവസം നന്നായി ഷൂട്ടിങ് നടന്നുവെന്നും രണ്ടാം ദിവസം വൈകുന്നേരം 6 മണിവരെയും കുഴപ്പങ്ങളൊന്നുമില്ലായിരുനെന്നും പിന്നീട് ഷോട്ട് എടുക്കുന്നതിനിടയിൽ സീലിംഗ് തകർന്നു വീഴുകയായിരുന്നെന്നും പറഞ്ഞ അദ്ദേഹം മുഴുവൻ സീലിങ്ങും തങ്ങളുടെ മേൽ തകർന്നുവീണിരുന്നെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമായേനെയെന്നും ആശങ്കപ്പെടുന്നു.
അർജുൻ കപ്പൂറിനൊപ്പം ഭൂമി പട്നിക്കർ നായികായായെത്തുന്ന ചിത്രമാണ് മേരെ ഹസ്ബൻഡ് കി ബീവി . ഫെബ്രുവരി 21 നായിരിക്കും ചിത്രത്തിൻറെ തിയേറ്റർ റിലീസ്. പൂജാ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രമൊരു കോമഡി റൊമാൻസ് ചിത്രമാണ്.