ബോക്സോഫീസിൽ 800 മില്യൺ കടന്ന് ഇൻസൈഡ് ഔട്ട് 2
ന്യൂയോർക്ക് : 2024ൽ പുറത്തിറങ്ങിയവയിൽ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ കയറി അനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ട് 2. വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സിനായി പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോ നിർമിച്ച ചിത്രം യുഎസ് ബോക്സോഫീസിൽ 800 മില്യൺ കടന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ചിത്രം ഉടൻ തന്നെ 1 ബില്യൺ ക്ലബ്ബിലെത്തും. ചിത്രം 1 ബില്യൺ കടന്നാൽ 2024ൽ ആദ്യം ബില്യൺ ക്ലബ്ബിലെത്തുന്ന ചിത്രമെന്ന നേട്ടവും ഇൻസൈഡ് ഔട്ടിന് സ്വന്തമാകും.
ജൂൺ 14നാണ് ചിത്രം റിലീസ് ചെയ്തത്. 14 ദിവസം കൊണ്ടാണ് മറ്റ് ചിത്രങ്ങളെ പിന്തള്ളി അനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ട് ബോക്സോഫീസിൽ റെക്കോർഡിട്ടത്. ഡ്യൂൺ 2 വിന്റെ റെക്കോർഡിനെയും ചിത്രം മറികടന്നു. ഇതുവരെ ഡ്യൂൺ 2 ആയിരുന്നു 2024ൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം.
നിലവിൽ പണം വാരിയ അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ പത്താമതാണ് ഇൻസൈഡ് ഔട്ട് 2. വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോസിന്റെ ഫ്രോസൺ 2 ആണ് ഇതുവരെയുള്ളതിൽ ഏറ്റവുമധികം പണം വാരി അനിമേഷൻ ചിത്രം.