രാമനും കദീജയും സിനിമയുടെ സംവിധായകന് വധഭീഷണി
തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ‘രാമനും കദീജയും’ സിനിമയുടെ സംവിധായകന് വധഭീഷണി. സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് നിരന്തരം വധഭീഷണി ലഭിക്കുകയാണെന്നാണ് പരാതി. പരാതിയിൽ ബേക്കൽ പൊലീസ് കേസ് എടുത്തു. പൂച്ചക്കാട് കിഴക്കേക്കരയിലുള്ള ദിനേശന്റെ വീട്ടിൽ ആരോ ഭീഷണിക്കത്ത് കൊണ്ടിടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് രാത്രിയാണ് ഇതു കൊണ്ടിട്ടത് എന്നാണ് സംവിധായകൻ പറയുന്നത്. ‘ഇത് നിന്റെ അവസാന സിനിമയായിരിക്കും’ എന്നാണ് കത്തിലെ മുന്നറിയിപ്പ്.
വാട്സ്ആപ്പ് കോളിലൂടെ പലതവണ ഭീഷണിയുണ്ടായെന്നും ദിനേശൻ പരാതിയിൽ പറയുന്നുണ്ട്. കത്ത് കൊണ്ടിട്ടതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ബേക്കൽ ഇൻസ്പെക്ടർ കെ.പി ഷൈൻ പറഞ്ഞു. അതേസമയം, കാസർകോടിലെ കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ, രാവണേശ്വരം, പൂച്ചക്കാട്, ചേറ്റുകുണ്ട് എന്നിവിടങ്ങളിലായാണ് ചിത്ര ഷൂട്ട് ചെയ്തത്. ഡോ ഹരിശങ്കർ, അപർണ ഹരി എന്നീ പുതുമുഖങ്ങളാണ് നായകനും നായികയും 150ലേറെ പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.