മലയാളിയുടെ 'പൊന്നമ്മ', ആ വലിയ ചുവന്ന പൊട്ടിനു പിന്നിലെ കഥ പറഞ്ഞു!

By :  Aiswarya S
Update: 2024-09-24 07:43 GMT

കവിയൂര്‍ പൊന്നമ്മ ഓര്‍മയായി. മലയാള സിനിമയിലെ 'പൊന്നമ്മ'യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് ആ വലിയ ചുവന്ന പൊട്ടാണ്. ആ പൊട്ടിനു പിന്നില്‍ ഒരു കഥയുണ്ട്. കവിയൂര്‍ പൊന്നമ്മയുടെ മുഖമുദ്ര തന്നെയായിരുന്നു നെറ്റിയിലെ ആ വലിയ ചുവന്ന പൊട്ട്. അവസാന യാത്രയില്‍ പോലും ആസ്തമയ സൂര്യനെ പോലെ ആ പൊട്ട് അവരുടെ നെറ്റിയില്‍ തിളങ്ങി നിന്നിരുന്നു.

എപ്പോഴും പുഞ്ചിരിയോടെ സൗമ്യമായി പെരുമാറുന്ന മലയാള സിനിമയുടെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആ വലിയ പൊട്ടിന്റെ കഥ ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോഴാണ് അവര്‍ വെളിപ്പെടുത്തിയത്. അഭിനയ ജീവിതത്തില്‍ 58 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ആണ് തന്റെ മുഖത്തിന്റെ ഐശ്വര്യമായി മാറിയ ആ വലിയ ചുവന്ന പൊട്ടിനു പിന്നിലെ കഥ പൊന്നമ്മ പറഞ്ഞത്.

'അച്ഛനുമായി എം. എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാന്‍ ഞാന്‍ കോട്ടയം നാഗമ്പടം മൈതാനത്തു പോയി. അന്ന് എനിക്ക് എട്ട് വയസ്സായിരുന്നു. സ്റ്റേജില്‍ അവര്‍ പാടുമ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത് അവരുടെ കഴുത്തിലെ വൈരമാലയും വലിയ പൊട്ടും പട്ടുസാരിയും നിറയെ മുല്ലപ്പൂവും വച്ചു തങ്കവിഗ്രഹം പോലെ നില്‍ക്കുന്ന എം.എസിനെയായിരുന്നു. അന്ന് ഞാന്‍ വലുതാകുമ്പോള്‍ എം.എസ് സുബ്ബ ലക്ഷ്മിയെ പോലെ സ്റ്റേജിലിരുന്നു പാടാന്‍ ആഗ്രഹിച്ചു. വൈരമാലയൊന്നും പറ്റില്ലാത്ത കൊണ്ട് വലിയ പോട്ടെങ്കിലും വയ്ക്കേണ്ട'. കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

കവിയൂര്‍ പൊന്നമ്മയുടെ അഭിനയ ജീവിതം ആരംഭിച്ചത് പ്രതിഭ ആര്‍ട്‌സ് ക്ലബ്ബിന്റെ മൂലധനം എന്ന നാടകത്തിലൂടെ ആയിരുന്നു. ആ നാടകത്തില്‍ ഗായികയായി ആണ് കവിയൂര്‍ പൊന്നമ്മ എത്തിയത്. എന്നാല്‍, നാടകം തുടങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും നായികയെ കിട്ടാതായപ്പോള്‍ എല്ലാവരും കൂടി ഗായികയായ കവിയൂര്‍ പൊന്നമ്മയെ ആലോചിച്ചു. അന്ന് ഭാസി സഖാവ് (തോപ്പില്‍ ഭാസി) ആണ് അഭിനയിക്കാന്‍ വേണ്ട കൂടുതല്‍ പിന്തുണ നല്‍കിയത്. അതുകൊണ്ട് തന്നെ തോപ്പില്‍ ഭാസിയാണ് കവിയൂര്‍ പൊന്നമ്മയുടെ അഭിനയ ഗുരു.

പൊന്നമ്മയുടെ ആദ്യ ചിത്രത്തിലെ നായകന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ആയിരുന്നു. അദ്ദേഹം രാവണയും കവിയൂര്‍ പൊന്നമ്മ മണ്ഡോദരിയായുമായാണ് മെറിലാന്‍ഡ് സിനിമാസിന്റെ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അതിനു ശേഷം നടന്‍ സത്യന്റേയും മധുവിന്റെയും നസീറിന്റെയും നായികയായും അമ്മയായും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാലും, ഏറ്റവും കൂടുതല്‍ ഇഷ്ടം മോഹല്‍ലാലിന്റെ അമ്മ വേഷം ചെയ്യാനാണ്. ഇത് പറയുമ്പോള്‍ മമ്മൂസിനു ദേഷ്യം വരുമാരിക്കും. പലരും മോഹന്‍ലാല്‍ ആണ് തന്റെ യഥാര്‍ത്ഥ മകനെന്ന തെറ്റുധരിച്ചിട്ടും ഉണ്ട്- കവിയൂര്‍ പൊന്നമ്മ പറയുന്നു.

Tags:    

Similar News