റിലീസ് ദിനത്തിലേ 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ 'കൽക്കി 2898 എഡി' പ്രഭാസിന്റ അഞ്ചാമത്തെ 100 കോടി ചിത്രം !

By :  Aiswarya S
Update: 2024-06-29 05:07 GMT

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആഘോഷിക്കുമ്പോൾ പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ 'കൽക്കി 2898 എഡി' സ്വന്തമാക്കി. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി കേരളത്തിൽ വമ്പൻ കളക്ഷൻ നേടികൊണ്ട് പ്രദർശനം തുടരുന്ന ചിത്രം 2024 ജൂൺ 27നാണ് തിയറ്റർ റിലീസ് ചെയ്തത്.

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ 2015 ജൂലൈ 10ന് റിലീസ് ചെയ്ത ബാഹുബലി : ദ ബിഗിനിങ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ പ്രഭാസ് തന്റെ ആദ്യ 100 കോടി ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോൾ 2017 ഏപ്രിൽ 28ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗമായ 'ബാഹുബലി 2: ദ കൺക്ലൂഷൻ'ലും ചരിത്രം ആവർത്തിച്ച് 100 കോടി ക്ലബ്ബിലെത്തിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ വലിയ ആരാധകവൃത്തം ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു.

പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്ത്, 2019 ആഗസ്റ്റ് 30ന് റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'സാഹോ'യാണ് പ്രഭാസിന്റെ മൂന്നാമത്തെ 100 കോടി ചിത്രം. 2023 ഡിസംബർ 22ന് റിലീസ് ചെയ്ത പ്രശാന്ത് നീൽ ചിത്രം 'സലാർ: ഭാഗം 1' താരത്തിന്റെ നാലാമത്തെ 100 കോടി ചിത്രം എന്ന ലേബൽ അലങ്കരിച്ചിരിക്കുമ്പോഴാണ് ഒറ്റ ദിവസംകൊണ്ട് പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന സ്ഥാനത്തേക്ക് 'കൽക്കി 2898 എഡി' എത്തിയത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി'യിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്

Tags:    

Similar News