സാമനതകളില്ലാത്ത നേട്ടങ്ങളുമായി മനോജ് കുമാര്‍ വിടപറഞ്ഞു

1999 ല്‍ മകന്‍ കുനാല്‍ ഗോസ്വാമിയെ നായകനാക്കി ഒരുക്കിയ ജയ് ഹിന്ദ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം. ഈ സിനിമയില്‍ കുമാര്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ എന്നും വിജയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച മനോജ്കുമാറിന്റെ ഈ പടം വന്‍പരാജയം ഏറ്റുവാങ്ങി;

By :  Biju K S
Update: 2025-04-04 12:56 GMT


ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡീകംപെന്‍സേറ്റഡ് ലിവര്‍ സിറോസിസും ഒരു മരണകാരമാണ്.



ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണു മനോജ് കുമാര്‍. 1937ല്‍ അബോട്ടാബാദിലാണ് (ഇന്ന്, ഖൈബര്‍ പഖ്തുന്‍ഖ്വ) ഹരികൃഷ്ണന്‍ ഗോസ്വാമി എന്ന അദ്ദേഹത്തിന്റെ ജനനം. 1957ല്‍ 'ഫാഷന്‍' എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'ഉപ്കാര്‍' (1967), 'പുരബ് ഔര്‍ പച്ചിം' (1970), 'ക്രാന്തി' (1981) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തിനു 'ഭരത് കുമാര്‍' എന്ന വിളിപ്പേരു നേടിക്കൊടുത്തു. 'മേരാ നാം ജോക്കര്‍', 'ഷഹീദ്', 'കാഞ്ച് കി ഗുഡിയ', 'ഗുംനാം' എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങളാണ്.



1972ല്‍ 'ഷോര്‍' എന്ന ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ചിരുന്നു. 'ഉപ്കാര്‍', 'പുരബ് ഔര്‍ പശ്ചിമ്', 'റൊട്ടി കപടാ ഔര്‍ മകാന്‍' എന്നിവ അദ്ദേഹം സംവിധാനം ചെയ്തതില്‍ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. 1975ല്‍ 'റൊട്ടി കപട ഔര്‍ മകാന്‍' എന്ന ചിത്രത്തിനു സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി. ഒരു നടനും സംവിധായകനും എന്നതിനു പുറമേ തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മനോജ് കുമാര്‍. 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാ സാഹേബ് പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു.



'ഡപ്പാംകൂത്ത്' സിനിമകളുടെ വിഹാരഭൂമിയായ ബോളിവുഡില്‍ വേറിട്ട ചലച്ചിത്ര ശ്രമങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച മനോജ് കുമാര്‍ എന്ന ചലച്ചിത്രകാരന്‍ 87-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ സുദീര്‍ഘമായ ഒരു കാലത്തിന്റെ പ്രതിസ്പന്ദനങ്ങളാണ് അവസാനിക്കുന്നത്. നടന്‍, സംവിധായകന്‍, എഡിറ്റര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്..എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ദേശഭക്തിക്ക് പ്രാധാന്യമുളള നിരവധി സിനിമകള്‍ ഒരുക്കുകയും അഭിനയിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് ഭരത്കുമാര്‍ എന്ന വിളിപ്പേര് ലഭിച്ചു. സിനിമയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഏഴ് തവണ ദേശീയ ചലച്ചിത്രപുരസ്‌കാരം കരസ്ഥമാക്കിയ മനോജ്കുമാറിന് പത്മശ്രീയും ഫാാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.



ഹരികൃഷ്ണ ഗോസ്വാമി എന്നായിരുന്നു യഥാര്‍ഥ പേര്. സിനിമയ്ക്ക് വേണ്ടി അത് മനോജ്കുമാര്‍ എന്ന് പരിഷ്‌കരിക്കുകയായിരുന്നു. അതിര്‍ത്തി പ്രവിശ്യയായ അബോട്ടാബാദില്‍ ജനിച്ച പഞ്ചാബി ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബം വിഭജനത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കുടിയേറി. ആര്‍ട്സില്‍ ബിരുദം നേടിയ അദ്ദേഹം അഭിനയ കലയില്‍ ആകൃഷ്ടനായി. ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായ ഹരികൃഷ്ണ ഗോസ്വാമി തന്റെ പേര് മനോജ് കുമാര്‍ എന്നാക്കി.



1957ല്‍ പുറത്തു വന്ന ഫാഷന്‍ ബ്രാന്‍ഡായിരുന്നു ആദ്യചിത്രം. ആ സിനിമ അധികം ശ്രദ്ധിക്കപ്പെടാതെ വന്നതോടെ അദ്ദേഹത്തിന്റെ സിനിമാ ഭാവി അവസാനിച്ചു എന്ന് പലരും വിധിയെഴുതിയെങ്കിലും വീഴ്ചകളില്‍ തളരുന്ന കൂട്ടത്തിലായിരുന്നില്ല മനോജ്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ സഹാറ, ചാന്ദ്, ഹണിമൂണ്‍...എന്നിങ്ങനെ ശ്രദ്ധേയങ്ങളായ മൂന്ന് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കാഞ്ച് കി ഗുഡിയയിലുടെ നായകനായും അരങ്ങേറി. എന്നാല്‍ ആദ്യത്തെ ഹിറ്റ് മാലാ സിന്‍ഹയ്ക്കൊപ്പം അഭിനയിച്ച ഹരിയാലി ഔര്‍ റസ്തയായിരുന്നു.



പിന്നീട് ഷാദി, ഡോ. വിദ്യ, ഗ്രഹസ്തി എന്നിങ്ങനെ നിരവധി ഹിറ്റുകള്‍. മിസ്റ്ററി ത്രില്ലറായ വോ കൗന്‍ തീ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്.



ഭഗത് സിംഗിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ഷഹീദ് അദ്ദേഹത്തിന്റെ താരപദവി ഗണ്യമായി ഉയര്‍ത്തി. അന്ന് പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി അടക്കമുളളവര്‍ ചിതത്തെയും മനോജിന്റെ അഭിനയ പാടവത്തെയും പുകഴ്ത്തി. റൊമാന്റിക് ഡ്രാമയായ ഹിമാലയ് കി ഗോഡ് മേം കൂടി ഹിറ്റായതതോടെ യുവപ്രേക്ഷകര്‍ക്കിടയില്‍ മനോജിന്റെ ജനപ്രീതി പതിന്‍മടങ്ങ് വര്‍ധിച്ചു. ഗുംനാം എന്ന മിസ്റ്ററി ത്രില്ലര്‍ വീണ്ടും അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ത്തി. സാവന്‍ കി ഘട്ടയില്‍ ഷര്‍മ്മിളാ ടാഗോറിനൊപ്പം വീണ്ടും വന്‍ഹിറ്റ് സൃഷ്ടിച്ചു അദ്ദേഹം.



ഇന്തോ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ശേഷം ഇന്ത്യാ ഗവണ്‍മെന്റ് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കി ഒരു ക്യാംപെയ്ന്‍ ആരംഭിച്ചപ്പോള്‍ ഇതിനെ ആധാരമാക്കി ഒരു സിനിമയെടുക്കാന്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി മനോജിനോട് ആവശ്യപ്പെട്ടു. ഉപ്കാര്‍ എന്ന ദേശസ്നേഹ ചിത്രം സ്വയം സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ആ വാക്ക് പാലിച്ചു. പ്രചരണചിത്രമായി പ്ലാന്‍ ചെയ്ത സിനിമ ബ്ലോക്ക് ബസ്റ്ററാവുന്ന അദ്ഭുതമാണ് പിന്നീട് കാണുന്നത്. ഉപ്കാറിലെ ഗാനങ്ങളിലൊന്നായ മേരേ ദേശ് കി ധര്‍ത്തി റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഏറെക്കാലമായി ഉപയോഗിച്ചു പോന്നു.



പിന്നീട് ആദ്മി എന്ന പടത്തില്‍ അദ്ദേഹം തന്റെ ആരാധ്യപുരുഷനായ ദിലീപ് കുമാറിനൊപ്പവും അഭിനയിച്ചു. പിന്നീട് സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു മനോജ്കുമാര്‍. ദേശസ്നേഹ ചിത്രമായ ക്രാന്തി അദ്ദേഹത്തിന്റെ ഖ്യാതി വല്ലാതെ വര്‍ദ്ധിപ്പിച്ചു. ഷര്‍ട്ടുകളും ജാക്കറ്റുകളും മുതല്‍ അണ്ടര്‍ ഗാര്‍മെന്റ്സ് വരെ ക്രാന്തി എന്ന പേരില്‍ വില്‍പ്പനയില്‍ തരംഗം സൃഷ്ടിച്ചു.



1999 ല്‍ മകന്‍ കുനാല്‍ ഗോസ്വാമിയെ നായകനാക്കി ഒരുക്കിയ ജയ് ഹിന്ദ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം. ഈ സിനിമയില്‍ കുമാര്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ എന്നും വിജയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച മനോജ്കുമാറിന്റെ ഈ പടം വന്‍പരാജയം ഏറ്റുവാങ്ങി. പിന്നീട് വിശ്രമജീവിതത്തിലേക്ക് കടന്ന അദ്ദേഹം 2004 ല്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തു കൊണ്ട് താന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ സിനിമയില്‍ സൃഷ്ടിച്ച തിളക്കം രാഷ്ട്രീയ രംഗത്ത് കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശശി ഗോസ്വാമിയാണ് മനോജ് കുമാറിന്റെ ജീവിതപങ്കാളി. സാമനതകളില്ലാത്ത നേട്ടങ്ങള്‍ ബാക്കി വച്ചാണ് 87 -ാം വയസില്‍ അദ്ദേഹം തന്റെ ജീവിതത്തിന് പാക്കപ്പ് പറയുന്നത്.





Similar News