പി ജയചന്ദ്രന്‍ പഠിച്ചത് മൃദംഗം; തിളങ്ങിയത് ഗായകനായി
singer p jayachandran passes away;
വര്‍ഷം 1958. ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം. ഇരിങ്ങാലക്കുടയില്‍ നിന്നുവന്ന വിദ്യാര്‍ത്ഥി പി ജയചന്ദ്രനാണ് മൃദംഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത്. ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാമത് എത്തിയത് കൊച്ചിയില്‍ നിന്നെത്തിയ കെ ജെ യേശുദാസിനായിരുന്നു. യേശുദാസും ജയചന്ദ്രനും പിന്നീട് മലയാളികളുടെ പ്രിയ ഗായകരായി മാറി.
മലയാളികളുടെ പ്രിയ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മനോഹര ശബ്ദം നിലച്ചത്. ആറു പതിറ്റാണ്ടായി മലയാളി പി ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ പ്രണയവും വിരഹവും ഭക്തിയുമൊക്കെ അനുഭവിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ത്തോളം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും നേടി. കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി.
അച്ഛന്‍ വലിയ സംഗീത പ്രേമിയും ഗായകനുമായിരുന്നു. അച്ഛന്റെ സംഗീത പ്രേമം ജയചന്ദ്രനിലേക്കും പകര്‍ന്നു. കുട്ടിക്കാലത്ത് ചെണ്ടയും മൃദംഗവും പഠിച്ചിട്ടുണ്ട്.ചേന്ദമംഗലത്തെ പാലിയം സ്‌കൂള്‍, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി. നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായരും സംവിധായകന്‍ എ. വിന്‍സെന്റുമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ചെന്നൈയില്‍ ഒരു ഗാനമേളയില്‍ ജയചന്ദ്രന്റെ പാട്ടു കേട്ടാണ് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത്.
1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ പി.ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ 'ഒരു മുല്ലപ്പൂമാലയുമായി' എന്ന ഗാനം ആലപിച്ചായിരുന്നു തുടക്കം. ആ ചിത്രത്തിന്റെ റിലീസ് വൈകി. ജി.ദേവരാജന്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനം നല്‍കി. 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം വമ്പന്‍ ഹിറ്റായി. മലയാള സിനിമയില്‍ ഭാവഗായകന്റെ തുടക്കമായിരുന്നു അത്.
നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പംചൂടി, ഏകാന്ത പഥികന്‍ , ശരദിന്ദു മലര്‍ദീപനാളം, മല്ലികപ്പൂവിന്‍ മധുരഗന്ധം, പ്രായം തമ്മില്‍ മോഹം നല്‍കി, ആരാരും കാണാതെ ആരോമല്‍ തൈമുല്ല എന്നിങ്ങനെ എത്രയെത്ര മനോഹര ഗാനങ്ങള്‍.