BGM-നായി യൂട്യൂബ് ചാനൽ ആരംഭിച്ച് ഇളയരാജ
സംഗീത പ്രേമികൾക്കായി യൂട്യൂബ് ചാനൽ ആരംഭിച്ച് സംഗീത സംവിധായകൻ ഇളയരാജ. പശ്ചാത്തല സംഗീതത്തിന് വേണ്ടി മാത്രമാണ് ചാനൽ ആരംഭിച്ചത്. ഇളയരാജ ബിജിഎം എന്ന പേരിലാണ് പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ബിജിഎം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ചാനൽ തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് ഇളയരാജ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘എന്റെ പാട്ടുകൾ നിങ്ങളെ ആസ്വദിപ്പിച്ചത് പോലെ പശ്ചാത്തല സംഗീതവും നിങ്ങൾക്ക് മികച്ച അനുഭവം പകരുമെന്ന് പ്രതീക്ഷിക്കുന്നു’ ഇളയരാജ പറഞ്ഞു. ചാനലിന്റെ ഒരു പ്രമോ വീഡിയോയും യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. പാ എന്ന സിനിമയാണ് ഇളയരാജ സംഗീതം നിർവ്വഹിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സംഗീത സംവിധായകനായ ജികെ വെങ്കിടേഷിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 1976-ൽ പുറത്തിറങ്ങിയ അന്നക്കിളി എന്ന ചിത്രത്തിന് സംഗീത നൽകിയാണ് ഇളയരാജ തമിഴ് സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്.