13 വർഷത്തെ പിണക്കത്തിന് ശേഷം കവിയും മാഷും ഒന്നിച്ച പാട്ട്
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ....;
'ഐ മിസ് യു' എന്ന ഇംഗ്ലീഷ് വാക്കിന് മലയാള പരിഭാഷ എഴുതിയത് ഓ എൻ വി ആണെന്ന് പറയുന്നത് വെറുതെയല്ല .... അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്രാ വെറുതെ നിനച്ചുപോയി ....എത്ര മനോഹരമായാണ് ഒരാളോടുള്ള സ്നേഹത്തെ അത്രമേൽ ആഗ്രഹിക്കുന്ന അയാളുടെ സാമീപ്യത്തെ ഓ എൻ വി എഴുതിയിരിക്കുന്നത്. 13 വർഷത്തെ പിണക്കത്തിനൊടുവിൽ ഓ എൻ വി യും ദേവരാജൻ മാഷും ഒന്നിച്ചപ്പോൾ പിറന്ന പാട്ട്. അവരുടെ പിണക്കം മാറ്റാൻ മുന്നിട്ടിറങ്ങിയത് തിരക്കഥാകൃത്ത് ജോൺ പോളും സംവിധായകൻ ജെസിയും. 1987 ൽ ജെസ്സിയുടെ സംവിധാനത്തിലൊരുങ്ങിയ നീ എത്ര ധന്യ എന്ന ചിത്രത്തിലേക്ക് 4 പാട്ടുകൾ ആവശ്യമാണ്. പാട്ടുകൾക്ക് സംഗീതം നൽകുന്നത് ദേവരാജൻ മാഷും വരികളെഴുതുന്നത് ഓ എൻ വിയും
. 3 പാട്ടുകൾ എഴുതി തീർത്തിട്ടും 4 ആമത്തെ പാട്ടെഴുതാൻ ഓ എൻ വി ക്ക് കഴിഞ്ഞില്ല. തലേ ദിവസത്തെ മഴയും കാറ്റും പക്ഷിയുടെ ചിലയ്ക്കലുമെല്ലാം കൊണ്ട് അസ്വസ്ഥമായിരുന്നു കവിയുടെ മനസ്. പക്ഷെ ആ അസ്വസ്ഥതകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നപ്പോൾ അത്രമേൽ മനോഹരമായ അനുഭൂതികളായി മാറി.
രാത്രി മഴ പെയ്തു തോർന്നന്നേരം ...കുളിർ കാറ്റിലിലച്ചാർത്തുലഞ്ഞ നേരം കാതരയായൊരു പക്ഷിയെൻ ജാലക വാതിലിൻ ചാരെ ചിലച്ചനേരം..
ഇതിന് പകരം വക്കാൻ മറ്റൊരു വരി ഇന്ന് വരെ മലയാളത്തിൽ പിറന്നിട്ടില്ല..
എഴുതി തീർത്ത 4 പാട്ടുകളുമായി ദേവരാജൻ മാഷിന് മുന്നിലേക്കു ചെന്നപ്പോൾ അതിൽ മാഷിന് ഏറ്റവും ഇഷ്ടമായത് അവസാനം എഴുതി തീർത്ത ഈ ഗാനം. എഴുതിയ പാട്ടിൽ ഒരു വാക്കു പോലും മാറ്റാതെയാണ് മാഷ് അതിന് ഈണം ഒരുക്കിയത്. കൂടെ യേശു ദാസിന്റെ ആലാപനം കൂടി ആയപ്പോൾ 80 കളിലെ മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും പ്രണയ ഗാനാമമായി അത് മാറി. പ്രണയിക്കുന്നവരും പ്രണയ വിരഹം അനുഭവിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും അങ്ങനെ എല്ലാവരും ഒരുപോലെ കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനമായി അത് മാറി.
പാട്ടിന്റെ ആദ്യ വരിയിൽ തന്നെ പറയാനുള്ളതും അതിന്റെ ഏറ്റവും തീവ്രമായ തലത്തിൽ നിന്നുകൊണ്ട് പകരാൻ പാട്ടിനു കഴിയുന്നുണ്ട്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി ...
ഒന്നല്ല ഒരായിരം മാത്രകളെ പ്രണയ നിർഭരമാക്കാൻ പാട്ടിന്റെ ഈ പല്ലവി തന്നെ ധാരാളം.
കെ. സുധാകരന്റെ ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക് എന്ന നോവലിനെ ആസ്പദമാക്കിയാണ് ജോൺ പോളിന്റെ തിരക്കഥയിൽ ജെസ്സി 'നീ എത്ര ധന്യ' എന്ന ചിത്രം ഒരുക്കിയത് . കാർത്തിക, മുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ് , മേനക, സോമൻ, ലിസി തുടങ്ങിയവർ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലതാരമായി എത്തിയ ദിവ്യാഉണ്ണിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'നീ എത്ര ധന്യ ' ശ്യാമ പണിക്കർ എന്ന പെൺകുട്ടിയുടെ മരണത്തിൽ നിന്ന് തുടങ്ങുന്ന ചിത്രത്തിന്റെ കഥ അവളുടെ ആത്മഹത്യക്ക് പിന്നിലെ കരണങ്ങളന്വേഷിച്ചു പോകുന്നതിലൂടെ പുരോഗമിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്ന എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന പുസ്തകങ്ങൾ വായിക്കുന്ന ഒരുപാട് സംസാരിക്കുന്ന അങ്ങനെ എല്ലാ തരത്തിലും പോസിറ്റീവ് ആയിരിക്കുന്ന ഒരു പെൺകുട്ടിയെയാണ് ചിത്രത്തിൽ ശ്യാമ പണിക്കരിലൂടെ കാർത്തിക അവതരിപ്പിക്കുന്നത്. അവളുടെ അച്ഛനായി സോമനും സഹോദരനായി മുകേഷും സഹോദരിയായി മേനകയും എത്തുന്നു. സഹോദരനായ സുരേഷിന്റെ സുഹൃത്തായാണ് ചിത്രത്തിൽ മുരളി അവതരിപ്പിക്കുന്ന ഹഫീസ് എത്തുന്നത്. സുരേഷ് നടത്തുന്ന പുസ്തകശാലയിലെ ഒരു സ്ഥിരം സന്ദർശകനാണ് ഹഫീസ് . സഹോദരനോടൊപ്പവും സഹോദരന് പകരമായും പുസ്തകശാലയിലെത്തുന്ന ശ്യാമയോട് അയാൾ കൂടുതൽ അടുക്കുന്നു. ഒരു സൗഹൃദത്തിനപ്പുറം മറ്റൊരടുപ്പം അവളോട് തനിക്ക് തോന്നുന്നുണ്ടെന്ന് അയാൾ മനസിലാക്കുന്നു. ജീവിതത്തിൽ താനനുഭവിച്ചു കൊണ്ടിരിക്കുന്ന ഒറ്റപ്പെടലിൽ നിന്ന് ശ്യാമയുടെ സാമിപ്യം ആഗ്രഹിക്കുന്നുണ്ടെന്ന് അയാൾ മനസിലാക്കുന്നു. അങ്ങനെ അയാളുടെ മനസ്സിൽ അലയടിക്കുന്ന വികാരങ്ങളെയാണ് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ടിലൂടെ പറഞ്ഞു വക്കുന്നത്. സന്ദർഭത്തിന് അത്രയും അനുയോജ്യമായൊരു ഗാനം. കഥാപാത്രത്തിന്റെ മനസിലെ തോന്നലുകൾ അത്രമേൽ തീവ്രമായി അടയാളപെടുത്തിയ ഒരു ഗാനം . അതാണ് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...
ഈ ഗാനത്തിന് പുറമെ നിശാഗന്ധി നീ എത്ര ധന്യ, ഭൂമിയെ സ്നേഹിച്ച ദേവാങ്കനയൊരു തുടങ്ങി ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഏറെ ജനപ്രീതി നേടിയവയാണ്.