ലേഖയുമായുള്ള പ്രണയം തുടങ്ങിയ ആ ​ഗാനം; എം.ജി. ശ്രീകുമാർ

By :  Aiswarya S
Update: 2024-09-09 08:03 GMT

മലയാള ​സം​ഗീതപ്രേമികളുടെ ഇഷ്ട​ഗായകനും സം​ഗീത സംവിധായകനുമെല്ലാമാണ് എം.ജി. ശ്രീകുമാർ. സം​ഗീത ജീവിതത്തേക്കുറിച്ചും താൻ പാടിയ ​ഗാനങ്ങളുടെപിറവിയേക്കുറിച്ചുമെല്ലാം അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ജീവിത പങ്കാളി ലേഖയെ എവിടെ വെച്ചാണ് ആദ്യം കണ്ടതെന്നും അതിന് കാരണമായത് ഒരു ​ഗാനമാണെന്നും പറഞ്ഞിരിക്കുകയാണ് ഇപ്പേൾ എം ജി ശ്രീകുമാർ.

നാ​ഗപഞ്ചമി എന്ന ചിത്രത്തിലെ നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ എന്ന ​ഗാനം ആലപിക്കുമോ എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ആരാധകൻ അയച്ച കത്തിന് മറുപടി പറയവേയാണ് എം.ജി.ശ്രീകുമാർ ലേഖയെ ആദ്യമായി കണ്ട കാര്യത്തേക്കുറിച്ചും മനസുതുറന്നത്. തനിക്കേറെ പ്രിയപ്പെട്ട ഗാനമാണ് ‘നെയ്തലാമ്പലാടും രാവിൽ’ എന്നും എം.ജി.ശ്രീകുമാർ പറയുന്നു.

"നാഗപഞ്ചമി എന്ന ചിത്രത്തിലെ ‘നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ’ എന്നുതുടങ്ങുന്ന പാട്ടിന്റെ റെക്കോർഡിങ് തരംഗണി സ്റ്റുഡിയോയിലായിരുന്നു. ആ സമയത്ത് എന്റെ ചേട്ടൻ ആയുർവേദ ചികിത്സയ്ക്കായി കോയമ്പത്തൂരിലായിരുന്നു. അങ്ങനെയിരിക്കെ ഈ ചിത്രത്തിൽ ഒരു പാട്ടുകൂടി വേണമെന്ന ആവശ്യം വന്നു. ഇക്കാര്യം ചേട്ടനോടു പറഞ്ഞപ്പോൾ അത് എന്നോടു ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ഈ പാട്ട് കംപോസ് ചെയ്തു. അതിന്റെ റെക്കോർഡിങ് വേളയിൽ ലേഖയെ കണ്ടു. ലേഖ ആദ്യമായി റെക്കോർഡിങ് കാണാൻ വന്ന സമയമായിരുന്നു അത്. അന്ന് സുരേഷ് ​ഗോപിയൊക്കെയുണ്ടായിരുന്നു അവിടെ. സുജാതയായിരുന്നു എനിക്കൊപ്പം പാടാനായി അവിടെ വന്നത്.

കൈതപ്രം ചേട്ടനാണ് പാട്ടിനു വരികൾ കുറിച്ചത്. ഞാൻ അവിചാരിതമായി, ലേഖയെ ചൂണ്ടിക്കാണിച്ചിട്ടു കൈതപ്രം ചേട്ടനോടു ചോദിച്ചു, സ്ത്രീയെ വർണിക്കുന്ന ഗാനമല്ലേ, ആ കുട്ടിയെ നോക്കി അതുപോലെ എഴുതാമോ എന്ന്. അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഈ പാട്ട് എഴുതി, കമ്പോസ് ചെയ്തു, പാടി. ഈ പാട്ടിലൂടെയാണ് എന്റെയും ലേഖയുടെയും സ്നേഹം ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടിന് ഞങ്ങളുടെ പ്രണയത്തിൽ വലിയ പങ്കുണ്ട്’, എം.ജി.ശ്രീകുമാർ പറഞ്ഞു. 2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും വിവാഹിതരായത്.

Tags:    

Similar News