ജനുവരി റിലീസിലെ ഏറ്റവും വലിയ പരാജയമായി 4 സീസൺസ്
രണ്ടരക്കോടി മുതൽമുടക്കിലൊരുങ്ങിയ ചിത്രം നേടിയ തിയേറ്റർ ഷെയർ 10000 രൂപ;
ജനുവരി മാസത്തെ മലയാള സിനിമയിലെ ലാഭം പരിശോധിക്കുമ്പോൾ ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിലൊരുങ്ങിയ രേഖാചിത്രം മാത്രമേ മികച്ച ലാഭം നേടിയിട്ടുള്ളു. മറ്റെല്ലാ സിനിമകളും കനത്ത നഷ്ടമായിമാറിയപ്പോൾ അതിൽ ഏറ്റവും വലിയ നഷ്ടമായത് പുതുമുഖ താരങ്ങൾ അണിനിരന്ന 4 സീസൺസ് എന്ന സിനിമയാണ്. രണ്ടരകോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് കേരളത്തിലെ തീയേറ്ററുകളിൽ നിന്നും ആകെ ലഭിച്ച ഷെയർ വെറും 10000 രൂപയാണ്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബഡ്ജറ്റും ചിത്രങ്ങൾ കേരളത്തിലെ തിയേറ്ററിൽ നിന്നും നേടിയ ഷെയറിന്റെ കണക്കുമാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. ആ കണക്കിൽ നിന്നാണ് സിനിമയോട് എഞെട്ടിപ്പിക്കുന്ന പരാജയം പുറത്തുവരുന്നത്. ട്രാൻസ് ഇമേജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്രിസ് എ ചന്ദർ നിർമ്മിച്ച ചിത്രം ജനുവരി അവസാന വാരമാണ് റിലീസിനെത്തിയത്. മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീത വഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റെർറ്റൈനെർ ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമ എത്തിയത്. ജാസ്, ബ്ലൂസ്, ടാംഗോ മ്യൂസിക്കൽ കോംബോയുടെ പശ്ചാത്തലത്തിൽ , മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളും ആണ് ചിത്രം പറയുന്നത്. പ്രേക്ഷകർ പുതുമുഖ താരങ്ങളുടെ സിനമകൾ ഏറ്റെടുക്കാൻ കാണിക്കുന്ന വിമുഖത കൂടിയാണ് വലിയ മുതല്മുടക്കിലെടുത്ത ചിത്രത്തിൻറെ പരാജയം തെളിയിക്കുന്നത്.