10-ാം ക്ലാസിൽ രണ്ട് വട്ടം തോറ്റു, പിന്നീട് പഠനം നിർത്തി; അക്ഷരാ ഹാസൻ
നടൻ കമൽഹാസന്റെ മകളാണ് അക്ഷരാ ഹാസൻ. എന്നാൽ കമൽഹാസന്റ നിഴലിൽ നിന്ന് പുറത്തു കടന്ന് സിനിമാ മേഖലയിൽ ഇടം നേടിയ വ്യക്തിയാണ് അക്ഷര. സംവിധായകനും നിർമാതാവുമായ രാഹുൽ ധൊലാക്കിയയുടെ അസിസ്റ്റന്റായാണ് അക്ഷര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2015 ൽആർ ബാൽകി സംവിധാനം ചെയ്ത ഷമിതാഭ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ധനുഷ്, അമിതാഭ് ബച്ചൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് വിവേകം, കദരം കൊണ്ടാൻ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.
പഠനത്തിൽ താൻ പിന്നോക്കമായിരുന്നുവെന്ന് അക്ഷര തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേ സമയം തന്നെ പതിനെട്ട് വയസ്സിന് ശേഷം മാതാപിതാക്കളെ സാമ്പത്തികമായി ആശ്രയിക്കരുതെന്ന് ഉറപ്പിച്ചിരുന്നു. പഠനത്തിൽ തിളങ്ങാൻ സാധിക്കാത്തതിനാൽ അതൊരു പ്രതിസന്ധിയായി മുന്നിലുണ്ടായിരുന്നു. ഹൈസ്‌കൂളോട് കൂടി പഠനം നിർത്തി. സാരമില്ല, പഠിത്തം എല്ലാവർക്കും ശരിയാകുകയില്ല. പത്താം ക്ലാസ് തോറ്റു. രണ്ടാമതും ശ്രമിച്ചപ്പോൾ വീണ്ടും തോറ്റു. മാനം പോയല്ലോ എന്ന് കരുതി. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ അപ്പയോട് പറഞ്ഞു, ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ നടക്കുന്നില്ല. പഠിത്തം വിട്ടുവെങ്കിലും വെറുതെ ഇരിക്കില്ലെന്ന് വാക്ക് നൽകി.
സിംഗപ്പൂർ പോയി നൃത്തം പഠിച്ചു, ഇത് നേരത്തേ ചെയ്യമായിരുന്നുവെന്ന് പിന്നെ തോന്നി. എന്നാൽ ഒരുദിവസം നൃത്തം ചെയ്യുന്നതിനിടെ തൂണിലിടിച്ച് കാലിന് പരിക്ക് പറ്റി. അത് കുറച്ചു ഗുരുതരമായിരുന്നു. അങ്ങനെ അതും പൊലിഞ്ഞതോട് കൂടിയാണ് മുംബൈയിലേക്ക് വന്നതെന്ന് അക്ഷര തന്നെ പറഞ്ഞു.
മാതാപിതാക്കൾക്ക് വിദ്യാഭ്യാസത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് ആയിരുന്നു അതുകൊണ്ടു സ്വതന്ത്രമായി തീരുമാനമെടുക്കാൻ സാധിച്ചുവെന്നും അക്ഷര പറഞ്ഞു.