സെൻസർ ചെയ്ത പുതിയ പതിപ്പ് എത്തുന്നതിനു മുൻപ് 'എമ്പുരാൻ' കാണാൻ ജനത്തിരക്ക്.

Update: 2025-03-30 10:29 GMT

റീ സെൻസറിങ് പതിപ്പ് തിയേറ്ററിൽ എത്തും മുൻപ് സിനിമ കാണാൻ തിയേറ്ററിൽ ജനത്തിരക്ക്. ചിത്രത്തിലെ രാഷ്ട്രീയ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ചിത്രത്തിലെ 17 രംഗങ്ങൾ ഒഴിവാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

അടുത്ത വ്യാഴാഴ്ച മുതൽ റീസെൻസറിങ് ചെയ്ത പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങൾ, ആർഎസ്എസ് വിമർശനം, വില്ലന്റെ പേര്, കേന്ദ്രത്തെ എതിർക്കുന്നവരെ ഇഡി യെ വിട്ട് അന്വേഷിക്കും തുടങ്ങിയ പരാമർശങ്ങൾ ആകും നീക്കം ചെയ്യുക. രംഗങ്ങൾ വലിയ വിവാദത്തിന് വഴി വച്ചതോടെയാണ് റീഎഡിറ്റിങ്ങിന് തയാറായി നിർമാതാക്കൾ തന്നെ മുന്നോട്ടുവന്നത്. ഇതോടെ ബുക്ക് മൈ ഷോ ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ ബുക്കിങ് വലിയ തോതിൽ വർധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ശനിയാഴ്ച വൈകിട്ട് സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറിൽ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കിൽ ഇപ്പോഴത് മണിക്കൂറിൽ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങുമാണ്. സിനിമയിൽ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമ രംഗങ്ങൾ, കലാപത്തിലെ ചില രംഗങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതിനൊപ്പം പ്രധാന വില്ലന്‍റെ പേര് വരുന്നിടത്ത് മ്യൂട്ട് ചെയ്യാനുമാണ് നീക്കം. നിർബന്ധിത റീ സെൻസറിങ് അല്ല മറിച്ച് സിനിമയുടെ നിർമാതാക്കൾ തന്നെ സ്വയം സിനിമയിൽ ചില വെട്ടിത്തിരുത്തലുകൾ നടത്തിക്കൊണ്ട് പരിഷ്കരിച്ച ഒരു പതിപ്പ് സെൻസർ ബോർഡിനു മുന്നിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വോളന്‍ററി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂർ സെൻസർ ബോർഡിനു മുന്നാകെ സമർപ്പിക്കുക. തിങ്കളാഴ്ച അവധിയായതിനാൽ ചൊവ്വാഴ്ചയായിരിക്കും വിഷയം ഇനി സെൻസർ ബോർഡ് പരിഗണനയിൽ എത്തുക.

എന്നാൽ രംഗങ്ങൾ സെൻസർ ചെയ്തു മാറ്റുന്നതിനു മുൻപ് തന്നെ ചിത്രം കാണാനുള്ള തിടുക്കത്തിലാണ് ജനങ്ങൾ. അതുതന്നെയാണ് ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലെ തള്ളിക്കയറ്റം തെളിയിക്കുന്നത്. ഇതോടെ പുതിയ പതിപ്പു വരുന്നതുവരെ ഹൗസ് ഫുള്ളായിതന്നെ സിനിമ ഓടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Tags:    

Similar News