മോഹൻലാൽ -സത്യൻ അന്തിക്കാട് ഹൃദയപൂർവ്വത്തിൽ നായികയായി മാളവിക മോഹൻ
മലയാള സിനിമയുടെ ഒരു എവർഗ്രീൻ കോംബോ ആയ മോഹൻലാൽ -സത്യൻ അന്തിക്കാട് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആകാംക്ഷയിലാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ നായികയായി തെന്നിന്ധ്യൻ താരം മാളവിക മോഹൻ എത്തും. തങ്കലൻ, യുദ്ധ എന്നീ ചിത്രങ്ങളിൽ ആണ് അവസാനമായി മാളവിക മോഹൻ അഭിനയിച്ചത്. കുറച്ചു കാലമായി മലയാള സിനിമയിൽ നല്ല അവസരങ്ങൾ തേടുകയാണ് മാളവിക. മാത്യൂസ് തോമസിനൊപ്പം അഭിനയിച്ച ക്രിസ്റ്റി ആണ് മാളവികയുടെ അവസാനത്തെ മലയാള ചിത്രം. ഹൃദയപൂർവ്വത്തിൽ ഐശ്വര്യ ലക്ഷ്മി, സംഗീത, സംഗീത് പ്രതാപ് എന്നിവർ ഉണ്ടാകുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
മോഹൻലാലും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത് 2015ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ നായികയായ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലാണ്. മലയാളത്തിൻ്റെ സൂപ്പർ താരവും പ്രശസ്ത സംവിധായകനും ഒന്നിച്ചെത്തിയ നിരവധി ചിത്രങ്ങൾ വർഷങ്ങളായി വലിയ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.നാടോടിക്കാറ്റ്, വരവേൽപ്പ്, പട്ടണപ്രവേശം, സന്മനസ്സുള്ളവർക്കു സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്നിവ 1980-കളിൽ ഇന്നും ജനപ്രീതിയുള്ള സിനിമകളിൽ ചിലതാണ്. എന്നാൽ ഫീൽ ഗുഡ് സിനിമകളുടെ സംവിധയകനായ സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി എടുത്ത ത്രില്ലെർ ചിത്രമാണ് 'പിൻഗാമി'. അന്ന് മികച്ച വിജയം നേടാൻ ചിത്രത്തിനായില്ലെങ്കിൽ പിന്നീട് ചിത്രം നിരവധി ആരാധകരെ നേടിയെടുത്തു.
രസതന്ത്രം, സ്നേഹവീട് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചിരുന്നു.