'മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ..'; പാന്‍ ഇന്ത്യന്‍ ഹിറ്റായി 'മാര്‍ക്കോ'; സക്‌സസ് ട്രെയിലര്‍ പുറത്ത്..

Update: 2025-01-01 11:11 GMT

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രമാണ് 'മാര്‍ക്കോ'. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ഹിന്ദിയിലും ചിത്രം ഹിറ്റായതോടെ സിനിമയുടെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.സിനിമയിലെ പ്രധാന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ട്രെയിലറില്‍ കാണാനാകും.

മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് എല്ലാ ഇടങ്ങളില്‍നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ മാര്‍ക്കോയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി 1-നും തമിഴ് പതിപ്പ് ജനുവരി 3-നും ആണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ - വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

സിനിമ റിലീസായി പത്ത് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 70 കോടിയ്ക്ക് മുകളിലാണ് ബോക്സ് ഓഫിസില്‍ നേടിയത്. കൂടാതെ മറ്റ് കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ഈ രീതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിതം 100 കോടി കടക്കുമെന്നാണ് സൂചന. മാത്രമല്ല ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്.

ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ. വിഎഫ്എക്‌സ്: 3 ഡോര്‍സ്. സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.

Tags:    

Similar News