രാജ് ഷാൻഡില്യയുടെ പുതിയ ചിത്രം "ദ വേർഡിക്ട് 498എ" പ്രഖ്യാപിച്ചു
ദീപ്താൻഷു ശുക്ലയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ദ വേർഡിക്ട് 498എ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു നിർമ്മാതാവ് രാജ് ഷാൻഡില്യ. കഥവാചക് ഫിലിംസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനിന്ദ്യ ബികാസ് ദത്തയാണ്. ദി വെർഡിക്ട് 498എ യിലൂടെ ശ്രദ്ധേയമായ ഒരു യഥാർത്ഥ ജീവിത കഥ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് രാജ് ഷാൻഡില്യ. സ്ത്രീധന പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതും, എന്നാൽ പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും തെറ്റായി പ്രതിചേർക്കാൻ കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നതുമായ നിയമമായ സെക്ഷൻ 498 എയുടെ വ്യാപകമായ ദുരുപയോഗത്തിനെതിരെ പോരാടുന്നതിനായി എൻജിനീയറും പിന്നീട് വക്കീലുമായ ദീപ്താൻഷു ശുക്ല നടത്തിയ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബംഗാളി സിനിമയിലെ മികച്ച കരിയറിന് ശേഷം ഹിന്ദിയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ അനിന്ദ്യ ബികാസ് ദത്ത. തെറ്റായ ആരോപണങ്ങൾ മൂലം, പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾ നേരിട്ട അതുൽ സുഭാഷ്, മാനവ് ശർമ, പുനീത് ഖുറാന, പെറ്റാരു ഗൊല്ലപ്പള്ളി, നിഷാന്ത് ത്രിപാഠി തുടങ്ങിയവരുടെ ദാരുണമായ സംഭവങ്ങൾ ഉയർത്തിക്കാട്ടുന്ന വ്യാജ സ്ത്രീധന പീഡന കേസുകളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിത്രം സംസാരിക്കും. ദീപ്താൻഷു ശുക്ലയുടെ നിരന്തരമായ നിയമ പോരാട്ടത്തിന്റെ ആധികാരികമായ ചിത്രീകരണം ഉറപ്പാക്കാൻ നിർമ്മാതാക്കൾ അദ്ദേഹത്തിന്റെ ജീവിത അവകാശങ്ങൾ ഔദ്യോഗികമായി സ്വന്തമാക്കി.
രാജ് ഷാൻഡില്യയും വിമൽ ലാഹോട്ടിയും ചേർന്ന് നിർമ്മിക്കുന്ന ദി വെർഡിക്ട് 498 എ നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. വിക്കി വിദ്യാ കാ വോ വാല വീഡിയോയ്ക്ക് ശേഷം കഥവാചക് ഫിലിംസിന് കീഴിലുള്ള രണ്ടാമത്തെ ചിത്രമാണിത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യ റിലീസായാണ് ചിത്രം ഒരുക്കാൻ പോകുന്നത്. ആകർഷകമായ ആഖ്യാനവും നിയമ പരിഷ്കാരങ്ങൾക്കുള്ള ആഹ്വാനവുമുള്ള ഈ ചിത്രം നീതിയും ഉത്തരവാദിത്തവും സംബന്ധിച്ച് രാജ്യവ്യാപകമായ ചർച്ചകൾക്ക് ആക്കം കൂട്ടുകയാണ് ലക്ഷ്യമിടുന്നത്
Heading
Content Area
.