"എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്"; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത്, ചിത്രം ജൂണ്‍ 21-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാന്‍ കെല്‍പ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.;

Update: 2024-06-18 13:20 GMT

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച, എന്നാല്‍ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാന്‍ കെല്‍പ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഏറെ ശ്രദ്ധ നേടിയ 'കറി & സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

2018-ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ 'ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു. ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് ക്രിസ്റ്റോ ടോമി.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്

Similar News