ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ ടിക്കറ്റ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു

By :  Aiswarya S
Update: 2024-10-28 10:31 GMT

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം കേരളത്തിന് പുറത്തും ഗൾഫിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തമിഴിലും തെലുങ്കിലും ദുബായിലും ഗംഭീര ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ലക്കി ഭാസ്കറിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചി, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് നടന്ന ചിത്രത്തിൻ്റെ പ്രൊമോഷണൽ ഇവന്റുകൾക്ക് വമ്പൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്കർ 400 ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രമാണ്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ലക്കി ഭാസ്കർ. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- ബംഗ്ളാൻ, പിആർഒ- ശബരി.

Tags:    

Similar News