ദുബായ് ഗ്ലോബൽ വില്ലേജിനെ വർണ്ണാഭമാക്കി ദുൽഖർ സൽമാൻ
രണ്ട് ദിവസം മുൻപ് കൊച്ചിയിലെ ലുലു മാളിൽ പ്രേക്ഷകരെ ആവേശകടലിലാഴ്ത്തിയ ദുൽഖർ സൽമാൻ, കഴിഞ്ഞ ദിവസം ഇളക്കി മറിച്ചത് ദുബായ് ഗ്ലോബൽ വില്ലേജിനെ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയ ദുൽഖർ സൽമാനെ വരവേൽക്കാനെത്തിയത് ജനസമുദ്രം. ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ആരാധകരുടെ ഈ സ്‌നേഹവും വരവേൽപ്പും തന്നെ ഏറെ ആവേശം കൊള്ളിക്കുന്നു എന്ന് പറഞ്ഞ ദുൽഖർ, വേദിയിൽ നായിക മീനാക്ഷിക്കൊപ്പം നൃത്തം വെക്കുകയും ചെയ്തു. കേരളത്തിന് പുറമെ ഗൾഫിലും ദുൽഖർ സൽമാനുള്ള ജനപ്രീതിക്ക് അടിവരയിടുന്നതായിരുന്നു ദുബായ് ഗ്ലോബൽ വില്ലേജിലെ വർണ്ണ ശബളമായ ഇവൻ്റിൽ എത്തിയ ജനസമുദ്രം.
കൊച്ചി, ദുബായ് എന്നിവക്ക് ശേഷം, ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റുകൾ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വെച്ചും നടക്കും. ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 ന് ദീപാവലിക്കാണ് ആഗോള റിലീസായെത്തുക. കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസ് ഗൾഫിൽ ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത്, സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രം, 1980 - 90 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ്. ഒക്ടോബർ 21 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും ചിത്രം കാത്തിരിക്കുന്നത്.