പൊന്ന് പോലൊരു അമ്മ
മലയാള സിനിമയില്‍ പുതുതലമുറയിലുള്ളവര്‍ക്കു വരെ കവിയൂര്‍ പൊന്നമ്മ എന്നു പറയുമ്പോള്‍ പ്രത്യേക വാത്സല്യമുണ്ട്. അതിനു കാരണം അവരിലെ ആ അമ്മ മനസാണ്. നെറ്റിയിലെ ആ വട്ടപ്പൊട്ടും മാതൃവാത്സല്യം തുളുമ്പുന്ന മുഖവും ചിരിയും മാത്രം മതി പൊന്നമ്മ എന്ന അമ്മയെ നാമേവരും നെഞ്ചോടു ചേര്‍ക്കാന്‍.
നിത്യഹരിത നായകന്‍ പ്രേം നസീര്‍ മുതല്‍ പുതുതലമുറയിലെ പൃഥ്വിരാജ് വരെ എത്തിനില്‍ക്കുന്നതാണ് കവിയൂര്‍ പൊന്നമ്മയുടെ അഭിനയ ജീവിതം. വെള്ളിത്തിരയില്‍ ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ കവിയൂര്‍ പൊന്നമ്മയെ സംബന്ധിച്ച് അവരുടെ വേഷം കവച്ചുവയ്ക്കാന്‍ മറ്റൊരാളും മലയാളത്തില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
1958ല്‍ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത മറിയക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. എന്നാല്‍ ആദ്യ ചിത്രത്തില്‍ അത്ര വലിയ കാരക്റ്ററായിരുന്നില്ല ലഭിച്ചിരുന്നത്. 1962ല്‍ ജി.കെ. രാമുവിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ എന്ന നടിയുടെ പ്രകടനം കൂടുതലായും മലയാളികള്‍ അറിയുന്നത്. മണ്ടോധരിയുടെ വേഷമായിരുന്നു പൊന്നമ്മ ചെയ്തത്. തുടര്‍ന്നങ്ങോട്ട് കവിയൂര്‍ പൊന്നമ്മയുടെ തേരോട്ടമായിരുന്നു.
പത്തനംതകിട്ടയിലെ കവിയൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച പൊന്നമ്മയെ ഒരു പാട്ടുകാരിയാക്കാനായിരുന്നു വീട്ടുകാരുടെ താത്പര്യം. ഇതിനായി എല്‍പിആര്‍ വര്‍മയുടെ കീഴില്‍ സംഗീതം പഠിപ്പിക്കാന്‍ ചങ്ങനാശ്ശേരിയില്‍ എത്തി. വെച്ചൂര്‍ എസ്. ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ കീഴിലും അവര്‍ സംഗീതം അഭ്യസിച്ചു. തുടര്‍ന്ന് പതിനാലാമത്തെ വയസില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായി രംഗപ്രവേശം. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടക രംഗത്തെത്തി. അങ്ങനെയാണ് തോപ്പില്‍ ഭാസിയെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് പൊന്നമ്മയില്‍ ഒരു അഭിനേത്രി ഒളിച്ചിരിപ്പുണ്ടെന്നു കണ്ടെത്തിയത്.
അമ്മ കഥാപാത്രം അവതരിപ്പിക്കുന്നതിനു മുമ്പ് അവര്‍ നായികയായും വെള്ളിത്തിരയിലെത്തിയിരുന്നു. റോസി എന്ന ചിത്രത്തിലായിരുന്നു പൊന്നമ്മ നായികയായത്. ആ ചിത്രത്തിന്റെ നിര്‍മാതാവ് മണിസ്വാമിയായിരുന്നു. റോസിയുടെ സെറ്റില്‍ വച്ചുതന്നെ മണിസ്വാമിയുമായി കവിയൂര്‍ പൊന്നമ്മ പ്രണയത്തിലായി. ആ പ്രണയം വിവാഹത്തില്‍ വരെ എത്തി. പിന്നീട് സത്യന്റെ നായികയായി ഓടയില്‍ നിന്ന് എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. സത്യന്റെ അമ്മയായും പൊന്നമ്മ പിന്നീട് സ്‌ക്രീനില്‍ തിളങ്ങി.
കവിയൂര്‍ പൊന്നമ്മയോടൊപ്പം മുതിര്‍ന്ന താരങ്ങളെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും തിലകനുമായുള്ള കോമ്പിനേഷനായിരുന്നു ശ്രദ്ധ നേടിയത്. ഇരുവരുടെയും പ്രകടനങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അതേപോലെയാണ് അമ്മ വേഷങ്ങളില്‍ തിളങ്ങിയതും. മോഹന്‍ലാലുമായിട്ടുള്ള കോമ്പിനേഷനായിരുന്നു അമ്മ വേഷങ്ങളില്‍ ശ്രദ്ധേയമായത്. പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.
തുടക്കത്തില്‍ നായികയായും സഹനടിയായും തിളങ്ങിയ കവിയൂര്‍ പൊന്നമ്മ പിന്നീട് അമ്മ വേഷങ്ങളിലേക്ക് ഒതുക്കപ്പെട്ടു. ഒരുപക്ഷേ മലയാളത്തില്‍ ഇത്രത്തോളം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു താരം ഉണ്ടാവില്ലെന്ന് തന്നെ പറയാം. എന്നാല്‍ അതേക്കുറിച്ച് പരാതിയോ, പരിഭവമോ ആ അമ്മയ്ക്കുണ്ടായിരുന്നില്ല. സെന്റിമെന്റ്‌സ് സീനുകളൊക്കെ കൈകാര്യം ചെയ്യുന്നതില്‍ കവിയൂര്‍ പൊന്നമ്മയെ കഴിഞ്ഞിട്ടെയുള്ളു മലയാള സിനിമയില്‍ വേറെ ഏതൊരമ്മയും. പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍, വൈവിധ്യമാര്‍ന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കവിയൂര്‍ പൊന്നമ്മക്ക് സാധിച്ചിട്ടുണ്ട്.
അമ്മ വേഷങ്ങള്‍ എന്നു പറയുമ്പോള്‍ അതില്‍ നെഗറ്റീവ് റോളുകളിലെത്തുന്ന അമ്മമാരെയും നാം കണ്ടിട്ടുണ്ടാകാം. എന്നാല്‍ കവിയൂര്‍ പൊന്നമ്മയെ സംബന്ധിച്ച് എന്നും പോസിറ്റീവായ റോളുകള്‍ മാത്രമേ തേടിയെത്തിയിട്ടുള്ളു. അമ്മായി അമ്മ പോരില്‍ ശ്രദ്ധനേടിയ മലയാള സിനിമകള്‍ ഏറെയുണ്ട്. അത്തരം സിനിമകളില്‍ സ്‌നേഹവാത്സല്യനിധിയായ ഒരമ്മയായി മാത്രമേ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുള്ളു.
നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറില്‍പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. സിനിമയില്‍ നിന്നും വിട്ട് വിശ്രമ ജീവിതത്തിലാണ് താരം. എന്നാല്‍ തനിക്ക് അഭിനയിക്കാതെ മാറിനില്‍ക്കാനാകില്ലെന്നായിരുന്നു കവിയൂര്‍ പൊന്നമ്മ പറഞ്ഞിട്ടുള്ളത്. എന്നാല്‍ വാര്‍ധഖ്യസഹജമായ കാരണങ്ങളാല്‍ അല്‍പ്പമൊന്നു വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ടു മാത്രം വീട്ടില്‍ ഒതുങ്ങിക്കൂടി.
സാധാരണ ഒരു താരം അഭിനയരംഗത്തു നിന്നും മാറിയാല്‍ അവര്‍ക്കു പകരം നൂറുകണക്കിന് താരങ്ങള്‍ രംഗപ്രവേശം ചെയ്യുന്ന രംഗമാണ് മലയാള സിനിമ. എന്നാല്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് പകരം വയ്ക്കാന്‍ ഇതുവരെ മറ്റൊരാള്‍ വന്നിട്ടില്ല. ഇനി വരുമോ എന്നതും സംശയമാണ്.
മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നുതവണ കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. 1971, 1972, 1972 വര്‍ഷങ്ങളിലായിരുന്നു ഈ അംഗീകാരം അവരെ തേടിയെത്തിയത്. അതിനു ശേഷം 1994ല്‍ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ പ്രകടനത്തിനും പൊന്നമ്മയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.