കേരളമൊഴിച്ച് ബാക്കിയെല്ലായിടത്തും ബുക്കിംഗിൽ തരംഗമായി ലക്കി ഭാസ്കർ
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും ദുബായിലും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ കേരളത്തിൽ ചിത്രത്തിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബുക്കിംഗ് ആരംഭിച്ചു 2 ദിവസം കഴിഞ്ഞിട്ടും വലിയൊരു മുന്നേറ്റം ടിക്കറ്റ് വിൽപനയിൽ നടത്താൻ ചിത്രത്തിന് സാധിച്ചിട്ടില്ല.
1 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് കേരളത്തിൽ പ്രതീക്ഷിച്ച ചിത്രം ഇതിനോടകം 20 ലക്ഷം രൂപയുടെ മുകളിൽ പ്രീ സെയിൽസ് മാത്രമാണ് നേടിയിരിക്കുന്നത്. തെലുങ്ക് ചിത്രം ആയത് കൊണ്ടാണോ ഈ ചിത്രത്തിന് കേരളത്തിൽ വമ്പൻ ബുക്കിംഗ് ലഭിക്കാത്തത് എന്ന ആശങ്കയുണ്ട്. ദുൽഖർ സൽമാന് വമ്പൻ ജനപ്രീതിയുള്ള കേരളത്തിൽ അദ്ദേഹത്തിൻ്റെ മുൻ റിലീസുകൾക്കൊക്കെ വമ്പൻ ബുക്കിങ്ങും ബോക്സ് ഓഫീസ് പ്രകടനവും കാഴ്ച വെക്കാൻ സാധിച്ചിരുന്നു. എന്നാൽ ടിക്കറ്റ് ബുക്കിംഗിൽ ആ ചരിത്രം ആവർത്തിക്കാൻ ലക്കി ഭാസ്കറിനു ഇതുവരെ സാധിച്ചിട്ടില്ല. ബോക്സ് ഓഫീസ് പ്രകടനത്തിൽ ചിത്രം വാഴുമോ അതോ കേരളം ചിത്രത്തെ കൈവിടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ദുൽഖറിൻ്റെ നായികയായി മീനാക്ഷി ചൗധരിയെത്തുന്ന ചിത്രത്തിന് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. അതിനെല്ലാം മികച്ച ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്.