അയ്യങ്കാളിയായി മമ്മൂട്ടിയെത്തുന്നു; അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിട; കതിരവനിൽ മമ്മൂട്ടി തന്നെ

By :  Aiswarya S
Update: 2024-07-01 09:15 GMT

കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചർച്ച ചെയ്യപ്പെട്ട അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകൾക്ക് വിരാമമായി. ചരിത്രപുരുഷൻ മഹാത്മാ അയ്യങ്കാളിയായി മഹാനടൻ മമ്മൂട്ടി എത്തുകയാണ്. യുവ സംവിധായകൻ അരുൺരാജാണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന 'കതിരവൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്.

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാൻറ് പ്രൊഡക്ഷൻ ഹൗസിൻറെ ബാനറിൽ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്നീഷ്യൻസുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ അരുൺരാജ് വ്യക്തമാക്കി. ചിത്രം സംബന്ധിച്ച് പല തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകൻ പറഞ്ഞു. കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അത് സംബന്ധിച്ച് യാതൊരു സംശയവും വേണ്ട.

മറ്റ് അനാവശ്യ ചർച്ചകളോട് എനിക്ക് താല്പര്യമില്ല. ഈ ചിത്രം സംബന്ധിച്ച് എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചർച്ചകൾ ഉണ്ടായട്ടുണ്ട്. എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യൽ മീഡിയ കൈയ്യേറ്റങ്ങൾ വരെ ഉണ്ടായി. പക്ഷേ ഇതിനോടൊന്നും എനിക്കിപ്പോൾ പ്രതികരിക്കാൻ താല്പര്യമേ ഇല്ല. 'കതിരവൻ' ഒരുക്കുന്ന തിരക്കിലാണ്. ഇത് എൻറെ മൂന്നാമത്തെ സിനിമയാണ്. കതിരവൻറെ വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചർച്ചകൾ പലതും മമ്മൂക്കയ്ക്കും പ്രയാസമുണ്ടാക്കിയേക്കാം. വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാൻ ചർച്ചകൾക്കൊന്നും തയ്യാറാവാത്തത്. അരുൺരാജ് പറഞ്ഞു.

മലയാളിയെ മനുഷ്യനാക്കിയവരിൽ ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി. ആ പോരാളിയുടെ യഥാർത്ഥ ജീവിതമാണ് കതിരവൻ പറയുന്നത്. അയ്യങ്കളിയുടെ ജീവിതം സംബന്ധിച്ച് ദീർഘകാലത്തെ ഗവേഷണവും പഠനങ്ങളും നടത്തിയാണ് ചിത്രത്തിൻറെ കഥയൊരുക്കിയിട്ടുള്ളത്. തീർച്ചയായും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ചിത്രമായിരിക്കും കതിരവൻ എന്ന് അരുൺരാജ് പറഞ്ഞു.

പി.ആർ.സുമേരൻ. (പി.ആർ ഒ )

Tags:    

Similar News