ധനി റാം മിത്തലിൻ്റെ ജീവിത കഥയുമായി ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ പ്രശസ്ത മലയാള സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ

Renowned Malayalam director Srinath Rajendran to make his Bollywood debut with Dhani Ram Mittal's life story

By :  Aiswarya S
Update: 2024-08-28 04:16 GMT

സെക്കൻ്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാള സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്റ്റർ ഫോർജറുമായ ധനി റാം മിത്തലിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രീതി അഗർവാളും ചേതൻ ഉണ്ണിയാലും ചേർന്ന് രചിച്ച "മണിറാം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുക.

"ജൂനിയർ നട്‌വർലാൽ" എന്നറിയപ്പെടുന്ന ധനി റാം മിത്തലിൻ്റെ അസാധാരണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. 45 വർഷം നീണ്ട ധനി റാം മിത്തലിൻ്റെ ക്രിമിനൽ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ്റെ മുൻ ചിത്രമായ കുറുപ്പ് (2021) ആഗോള തലത്തിൽ 112 കോടിയിലധികം നേടി, എക്കാലത്തെയും വിജയകരമായ മലയാള ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 1984 മുതൽ ഒളിവിൽ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിലൊരാളായ സുകുമാരക്കുറുപ്പിൻ്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്.

2025 ൻ്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രൻ്റെ ബോളിവുഡ് ചിത്രത്തിൻ്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. ഇൻസോമ്നിയ മീഡിയ ആൻഡ് കണ്ടൻ്റ് സർവീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്സുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും പാൻ ഇന്ത്യൻ റിലീസായി എത്തും. പിആർഒ - ശബരി.

Tags:    

Similar News