വിനായക ചതുർത്ഥി ആചരിച്ച് ആമിർ ഖാൻ; ചിത്രങ്ങൾ വൈറൽ
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാജ്യമെമ്പാടും വിനായക ചതുർത്ഥി ആചരിച്ചത്. ബോളിവുഡ് താരം ആമിർ ഖാനും കുടുംബത്തോടൊപ്പം ശുഭകരമായ ദിനം ആഘോഷിക്കുന്നതിൻ്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ചിത്രങ്ങളിൽ, ആമിർ ഖാൻ തൻ്റെ സഹോദരി നിഖത് ഖാൻ്റെ മുംബൈയിലെ വസതിയിൽ മകൻ ആസാദിനൊപ്പം ആരതി ഉഴിയുന്നത് കാണാം. നീല കുർത്തയും കറുത്ത പാൻ്റും ധരിച്ചാണ് ആമിർ ചടങ്ങിനായി എത്തിയത്. നിഖതിനെ കൂടാതെ ഭർത്താവ് സന്തോഷ് ഹെഗ്‌ഡെയും ചിത്രങ്ങളിൽ ഉണ്ടായിരുന്നു.
ഏതാനും നാളുകൾക്ക് മുമ്പ് ആമിർ ഖാനും മുകേഷിൻ്റെയും നിത അംബാനിയുടെയും ആൻ്റിലിയയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്തിരുന്നു. തൻ്റെ മക്കളായ ജുനൈദ്, ആസാദ് ഖാൻ എന്നിവർക്കൊപ്പം അംബാനി വസതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ട് ആമിർ ഖാൻ പ്രത്യക്ഷപ്പെട്ടു.
ആമിർ ഖാൻ്റെ സമീപകാല നിർമ്മാണ ചിത്രമായ ലാപത ലേഡീസ് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും വൻ പ്രശംസ നേടിയിരുന്നു. കൂടാതെ സുപ്രീം കോടതിയിലും പ്രദർശിപ്പിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത നിർമ്മാണ സംരംഭം ലാഹോർ 1947 ആണ്. സണ്ണി ഡിയോളും പ്രീതി സിൻ്റയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
അഭിനയത്തെ സംബന്ധിച്ചിടത്തോളം ലാൽ സിംഗ് ഛദ്ദയിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്. 2022 ഓഗസ്റ്റിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയും പ്രേക്ഷകരെ നിരാശരാക്കുകയും ചെയ്തു. അടുത്തതായി, ഡൗൺ സിൻഡ്രോമിനെ കേന്ദ്രീകരിക്കുന്ന ‘സിതാരെ സമീൻ പറിൽ’ ആമിർ ഉടൻ പ്രത്യക്ഷപ്പെടും. 2024 ക്രിസ്മസ് വേളയിൽ ഇത് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരുൺ ധവാൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-ത്രില്ലർ ബേബി ജോണുമായി ഈ സിനിമ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും.