നടൻ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ

By :  Aiswarya S
Update: 2024-10-07 07:46 GMT

നടൻ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ കൊല്ലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ടിപി മാധവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാർ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്.

ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകൻ പ്രഫ. എൻപി പിള്ളയുടെ മകനാണ് ടിപി മാധവൻ.

തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടൻ മധുവാണ് മാധവന് സിനിമയിൽ അവസരം നൽകുന്നത്. 600ൽ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ടിപി മാധവൻ.

Tags:    

Similar News