‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കാൻ ശ്രീഗോകുലം മൂവീസ്
തമിഴ് നടൻ അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പ്രഭു, അർജുൻ ദാസ്, സുനിൽ, പ്രസന്ന, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
അജിത് പല ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട തമിഴ് ഫിലിം ടീസറാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടേത്. ചിത്രത്തിലെ 2 ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് ടി സീരീസാണ്.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' കേരളത്തിലെ തിയേറ്ററുകളിലേക്ക് ശ്രീ ഗോകുലം മൂവീസിന് കൊണ്ടുവരാനായതിലും , മൈത്രി മൂവി മേക്കഴ്സും റോമിയോ പിക്ചേഴ്സ്സിനുമൊപ്പം കൈകോർക്കാൻ സാധിച്ചതിലും വളരെയധികം സന്തോഷമുണ്ടെന്നും ശ്രീ ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.
അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിജയ് വേലുകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദിനേഷ് നരസിംഹനാണ് ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജി എം ശേഖറാണ് പ്രൊഡക്ഷൻ ഡിസൈനർ. സുരേനാണ് സൌണ്ട് ഡിസൈനിംഗ്.
‘ഗുഡ് ബാഡ് ആഗ്ലി’ യുടെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്. തമിഴിനു പുറമെ ചിത്രം ഹിന്ദി, കന്നഡ തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് ഏപ്രിൽ 10ന് എത്തിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.