തമിഴ് ഡയറക്ടറെന്ന് പറഞ്ഞ് വിളിച്ചു; ഒടുവിൽ അയാൾ കാലിൽ വീണ് സോറി പറഞ്ഞു: ശ്രീവിദ്യ

By :  Aiswarya S
Update: 2024-10-04 12:18 GMT

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയെ. സ്റ്റാർ മാജിക്കിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള നടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ശ്രീവിദ്യ. ഇപ്പോഴിതാ താൻ പറ്റിക്കപ്പെട്ടതിനെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ്.

അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സിൽ അതിഥിയായി എത്തിയതായിരുന്നു ശ്രീവിദ്യ. തന്നെ സംവിധായകൻ ആണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് പറ്റിച്ചതിനെക്കുറിച്ചാണ് ശ്രീവിദ്യ സംസാരിക്കുന്നത്. ''കഴിഞ്ഞ ഏപ്രിലിൽ എന്റെ അമ്മമ്മ ആശുപത്രിയിലായിരുന്നു. അതിന് രണ്ട് മാസം മുമ്പ് തമിഴിലെ ഒരു പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞ് ഒരാൾ കഥ പറയാൻ വിളിച്ചു. ആദ്യം മെയിൽ ആണ് അയച്ചത്. മുഴുവൻ ഇംഗ്ലീഷിലുള്ള തിരക്കഥയായിരുന്നു എനിക്ക് അയച്ചു തന്നത്. നല്ല തിരക്കഥയായിരുന്നു. പിന്നെ പുള്ളി ഇടയ്ക്ക് വിളിക്കും കാര്യങ്ങൾ സംസാരിക്കും. അടുത്ത മാസം കാണാം എന്നു പറഞ്ഞെങ്കിലും ആ സമയത്ത് ഞാനിവിടെ ഉണ്ടായിരുന്നില്ല. ഞാനുള്ളപ്പോൾ പുള്ളിയുണ്ടാകില്ല, പുള്ളിയുള്ളപ്പോൾ ഞാനില്ല അങ്ങനെത്തെ അവസ്ഥയായി. അദ്ദേഹം ചെന്നൈയിലാണെന്നാണ് പറഞ്ഞത്.

അങ്ങനെ ഒരു ദിവസം ഞാൻ ആശുപത്രിയിൽ നിൽക്കുമ്പോൾ കോൾ വന്നു. ആറാമത്തെ കോൾ ആയിരുന്നു അത്. വൈകിട്ട് ആറുമണിയായിരിക്കും. സംസാരിക്കുന്നതിനിടെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് താൽപര്യമുണ്ട് ശ്രീവിദ്യ എന്ന് പറഞ്ഞു. തമിഴിലും മലയാളവും കൂടിക്കലർന്നാണ് സംസാരിക്കുന്നത്. ഇതിനിടെ ഒരു വാക്ക് അറിയാതെ സ്ലിപ്പായി. കാസർഗോഡുകാർ മാത്രം പറയുന്നൊരു വാക്കായിരുന്നു അത്. നമുക്ക് കേൾക്കുമ്പോൾ മനസിലാകുമല്ലോ.

നിങ്ങൾ കാസർഗോഡ് അല്ലേ എന്ന് ഞാൻ ചോദിച്ചു. അതോടെ പുള്ളിയുടെ സ്വഭാവം മാറി. അതെ ഞാൻ കാസർഗോഡ് ആണ്, നീ എന്ത് ചെയ്യുമെന്നൊക്കെ എന്റെ നാട്ടിൽ സംസാരിക്കുന്ന അതേ ഭാഷയിൽ അയാൾ സംസാരിച്ചു. അത് എന്നെ വേദനിപ്പിച്ചു. മൂന്ന് മാസമായി എന്നെ പറ്റിക്കുകയായിരുന്നു. ഞാനും ഏട്ടനും കൂടെ പൊലീസ് സ്റ്റേഷനിൽ പോയി. പിറ്റേന്ന് രാവിലെ അയാളെ വിളിച്ചു വരുത്തി. എന്നോട് അയാൾ പറഞ്ഞതൊക്കെ കള്ളത്തരമായിരുന്നു. എന്റെ വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ മാത്രം അപ്പുറത്തുള്ളൊരു ചേട്ടനായിരുന്നു അത്.

അയാൾ എന്റെ കാലിൽ വീണു സോറി പറഞ്ഞു. പക്ഷെ അതെനിക്ക് വല്ലാതെ പേടിയുണ്ടാക്കി. ഇപ്പോഴും എനിക്ക് അവിടെ ഒറ്റയ്ക്ക് പോകാനൊക്കെ പേടിയാണ്. എളുപ്പത്തിൽ ആരേയും പറ്റിക്കാം എന്ന് വിചാരിക്കരുത്. അതുകൊണ്ടാണ് പരാതികൊടുത്തത്.'' എന്നാണ് ശ്രീവിദ്യ പറഞ്ഞത്.

Tags:    

Similar News