ഭയത്തിന്റെ ഇരുണ്ട രഹസ്യങ്ങളുമായി കോൺജ്വാറിങിന്റെ അവസാന ചിത്രം എത്തുന്നു

ദി കോൺജ്വാറിങ് : ലാസ്‌റ്റ് റൈറ്റ്സ് 2025 സെപ്റ്റംബർ 5 നു തീയേറ്ററുകളിൽ എത്തും

Update: 2024-10-17 05:55 GMT

പാട്രിക് വിത്സണും വേറ ഫാർമിഗയും ഒരിക്കൽ കൂടെ എത്തുകയാണ്. ലോകമെമ്പാടുമുള്ള മനുഷ്യരെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആരാധകരാക്കിയ അമേരിക്കൻ ഹൊറർ ചിത്രമായ കോൺജ്വാറിങിന്റെ അവസാന ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . കോൺജ്വാറിങ് ഫ്രാൻഞ്ചൈസിയുടെ അവസാന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ചിത്രം 2025 സെപ്റ്റംബർ 5 നു തീയേറ്ററുകളിൽ എത്തും.

പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർമാരായ എഡ്, ലോറെയ്ൻ വാറൻ എന്നിവരുടെ യഥാർത്ഥ ജീവിതത്തിൽ നേരിട്ട കേസുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കോൺജ്വാറിങ് സിനിമകൾ. പാട്രിക് വിത്സൺ ആണ് എഡ് വാറനായി എത്തിയത്. വേറ ഫാർമിഗയും ആണ് ലോറെയ്ൻ വാറനായി ചിത്രത്തിൽ എത്തിയത്.

ദ കോൺജ്വാറിങ് യൂണിവേഴ്സിൽ നിലവിൽ എട്ട് സിനിമകളാണ് ഉള്ളത്. ആദ്യ ചിത്രമായ ദി കോൺജ്വാറിങ് ഇറങ്ങുന്നത് 2013ലാണ് . ആദ്യം ചിത്രത്തിന് 'ദി വാറൻ ഫയൽസ്' എന്നായിരുന്നു നൽകിയ പേര്. പിന്നീട് അത് ദി കോൺജ്വാറിങ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 1971-ൽ റോഡ് ഐലൻഡിലെ ഹാരിസ്‌വില്ലിലെ സാത്താന്മാരുടെ ശാപമുള്ള ഫാംഹൗസിൽ എത്തുന്ന ഒരു കുടുംബം നേരിടുന്ന പരാനോർമൽ പ്രവർത്തികളും , തുടർന്ന് അത് അന്വേഷിക്കാൻ എത്തുന്ന വാറൻസിന്റെയും കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രം ലോകമെമ്പാടും വലിയ വിജയമാവുകയും ഹൊറർ ചിത്രങ്ങളുടെ ഇടയിൽ ചരിത്രമാവുകയും ചെയ്തിരുന്നു. പിന്നീട് 2014ൽ അന്നബെല്ല ,2016ൽ ദ കോൺജ്വാറിങ് 2, 2017ൽ അന്നെബെല്ല ക്രിയേഷൻ, 2018ൽ ദി നൺ , 2019ൽ അന്നബെല്ലെ കംസ് ഹോം, 2021ൽ ദി കൺജറിംഗ്: ദി ഡെവിൾ മെയ്ഡ് മി ഡു ഇറ്റ്, 2023ൽ എട്ടാമത്തെ ചിത്രമായ ദി നൺ 2 പുറത്തിറങ്ങിയിരുന്നു.

ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക്ക് ആണ് ദി കോൺജ്വാറിങ് : ലാസ്‌റ്റ് റൈറ്റ്സിനു തിരക്കഥയെഴുതുന്നത്. ജെയിംസ് വാനും പീറ്റർ സഫ്രാനും അവസാന ചിത്രത്തിലും നിർമ്മാതാക്കളായി തുടരും.

Tags:    

Similar News