ഫൈസിയും ഉപ്പുപ്പായും ഉസ്താദ് ഹോട്ടലുമായി വീണ്ടും തീയേറ്ററുകളിലേയ്ക്ക്
ഇന്നും പ്രേഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് 'ഉസ്താദ് ഹോട്ടൽ '
ദുൽഖർ സൽമാൻ നായകനായ ബ്ലോക്‌ബസ്റ്റർ ഹിറ്റ് ചിത്രം 'ഉസ്താദ് ഹോട്ടൽ ' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ദുൽഖർ സൽമാൻ, തിലകൻ, പ്രധാന വേഷത്തിൽ അഭിനയിച്ച 2012 ലെ ചിത്രം ജനുവരി 3 ന് പി വി ആർ ഇനോക്സ് തീയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമെന്ന് പി വി ആർ തിയേറ്ററുകളുടെ ഔദ്യോഗിക പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ, തിലകൻ, മാമുക്കോയ ,നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. സിദ്ദിഖ്, മാമുക്കോയ, കുഞ്ചൻ, ജയപ്രകാശ്, മണിയൻ പിള്ള രാജു, പ്രവീണ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. അഭിനയ ജീവിതത്തിലെ ദുൽഖറിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. തിലകൻ എന്ന അഭിനയ പ്രതിഭയുടെ പ്രകടനം കാണാൻ മലയാളികൾക്ക് ലഭിച്ച അവസാന അവസരം കൂടെയായിരുന്നു ചിത്രം.
അൻവർ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് എഴുത്തുകാരിയും സംവിധായികയുമായ അഞ്ജലി മേനോനാണ്. മലയാള സിനിമയിലെ ന്യൂ-ജെൻ സിനിമാ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇന്നും ഉസ്താദ് ഹോട്ടൽ. തെലുങ്കിൽ ജനതാ ഹോട്ടൽ എന്ന പേരിലും 2017-ൽ രചന ചന്ദ്ര, വേദിക, പ്രകാശ് രാജ് എന്നിവർ അഭിനയിച്ച ഗൗദ്രു ഹോട്ടൽ എന്ന പേരിൽ കന്നഡയിലെയ്‌ക്കും ചിത്രം റീമയ്ക്ക് ചെയ്തിട്ടുണ്ട്.
ദുൽഖർ സൽമാൻ ഇപ്പോൾ തൻ്റെ അടുത്ത തമിഴ് ചിത്രമായ കാന്തയുടെ ചിത്രീകരണത്തിലാണ്. ഭാഗ്യശ്രീ ബോർസ് ആണ് നായിക. വരാനിരിക്കുന്ന ആകാശം ലോ ഒക താര എന്ന ചിത്രമാണ് ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രം. ഇതിൽ സായി പല്ലവി നായികയാകും