സീരിയലുകൾക്ക് സെൻസർഷിപ് ഏർപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താൻ :'എൻഡോസൾഫാൻ' പ്രസ്താവനയിൽ പ്രേംകുമാറിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

പ്രേംകുമാറിനെ എതിർത്ത് സംസാരിക്കുന്നവർ എന്തുകൊണ്ട് സെൻസർഷിപ് ചെയ്യരുതെന്നും പറയണമെന്നും ശ്രീകുമാരൻ തമ്പി

Update: 2024-12-07 06:21 GMT

മലയാളത്തിലെ ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്നും സീരിയലുകൾക്ക് സെൻസർഷിപ് ഏർപ്പെടുത്തണം എന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാറിന്റെ പ്രസ്താവനയെ ശെരി വെച്ചുകൊണ്ട് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കവിയും, സംഗീത സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. വിവാദമായ ഈ പ്രസ്താവനയിൽ പ്രേംകുമാറിനെ ആദ്യമായി പരസ്യമായി പിന്തുണയ്ക്കുന്നത് ശ്രീകുമാരൻ തമ്പിയാണ് സീരിയലുകൾക്ക് സെൻസർഷിപ് ഏർപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനാണ് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രേംകുമാറിനെ പിന്തുണച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയത്.

' ദൂരദർശൻ, ഏഷ്യാനെറ്റ്, അമൃത ടി വി , മഴവിൽ മനോരമ, സൂര്യ ടി വി തുടങ്ങിയ മലയാള ചാനലുകളിൽ പതിനൊന്നോളം സീരിയലുകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്ത വ്യക്തിയാണ് താൻ. അന്ന് മുതലേ സീരിയലുകളിൽ സെൻസർഷിപ് ഏർപ്പെടുത്തണമെന്ന അഭിപ്രായക്കാരൻ ആണ് താൻ. സ്വന്തമായി പരമ്പരകൾ നിർമ്മിക്കുന്ന സമയത്തുതന്നെയാണ് ഈ ശക്തമായ അഭിപ്രായം താൻ പറയുന്നത്. തന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് അന്ന് മാതൃഭൂമി ടി വിയും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ തന്റെ അതെ അഭിപ്രയമാണ് ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞിരിക്കുന്നത്. താൻ പൂർണ്ണമായും അദ്ദേഹത്തിനോട് യോജിക്കുന്നു എന്നും പ്രേംകുമാറിനെ എതിർത്ത് സംസാരിക്കുന്നവർ എന്തുകൊണ്ട് സെൻസർഷിപ് ചെയ്യരുതെന്നും പറയണമെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

കൂടാതെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർഷിപ് ഉള്ളതുപോലെ വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്കും സെൻസർഷിപ് ആവിശ്യമാണ്. ഇപ്പോൾ പ്രദർശിപ്പിക്കുന്ന സീരിയലുകളിൽ ചില രംഗങ്ങൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്നും, കേരളത്തിലെ സ്ത്രീകളെ മുഴുവൻ കുശുമ്പികളാണെന്നും കുന്നായ്മകാരികളാണെന്നും സ്ഥാപിക്കുന്ന കഥകളാണ് സീരിയലുകളിൽ കാണിക്കുന്നതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. അതേപോലെ സീരിയൽ രംഗത്തുള്ള ബന്ധപ്പെട്ടവർ ഇതിനു പരിഹാരം ഉണ്ടാക്കാതെ പ്രേം കുമാറിനെ പോലെ ഉള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കരുതെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

അതേസമയം , പ്രേം കുമാറിന്റെ പ്രസ്താവന അന്നം മുടക്കുന്നതാണെന്നും, ഒട്ടും സുരക്ഷിതവും തൊഴിലുറപ്പുമില്ലാത്ത ഒരു മേഖലയിലെ ഒരു പറ്റം സാധരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എൻഡോസൾഫാൻ വിതറിയെന്നുമാണ് 'ആത്മ'യുടെ തുറന്ന കത്തിൽ പറയുന്നത്.

എൻഡോസൾഫാൻ പ്രസ്താവനയിൽ തുറന്ന കത്തിലൂടെ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' പ്രേംകുമാറിന് എതിരെ പ്രതികരിച്ചിരുന്നു. ഈ പ്രതാവനയ്‌ക്കെതിരെ നേരത്തെ ഹരീഷ് പേരാടി, ധർമജൻ ബോൾഗാട്ടി, മന്ത്രി കെ ബി ഗണേഷ് കുമാർ, സീമ ജി നായർ എന്നിവരും രംഗത്തു എത്തിയിരുന്നു. എന്നാൽ ചില സീരിയലുകൾ എന്നാണ് താൻ പറഞ്ഞതെന്നും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്നുമാണ് പ്രേംകുമാർ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി നൽകിയത്. 

Tags:    

Similar News