ക്യാപ്റ്റൻ അൻഷുമാന്റെ ഭാര്യ ഞാനല്ല; പരാതിയുമായി മലയാളി താരം
ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ താൻ അല്ലെന്ന് ‘ചാർളി’ സിനിമയിൽ അഭിനയിച്ച നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ. അൻഷുമാന്റെ ഭാര്യ സ്മൃതി സിംഗിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന് തെറ്റിദ്ധരിച്ച് പലരും തന്റെ അക്കൗണ്ടും ചിത്രങ്ങളും ഉപയോഗിക്കുന്നതിനെതിരെയാണ് രേഷ്മ സെബാസ്റ്റിയൻ രംഗത്തെത്തിയത്.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന ക്യാപ്ഷനോടെയാണ് രേഷ്മയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. തന്റെ പേര് ഉപയോഗിച്ച് സ്മൃതി സിംഗിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് രേഷ്മ വ്യക്തമാക്കി.
”ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക. ഇത് അസംബന്ധമാണ്.”
”എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിംഗിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങൾ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
അതേസമയം, അൻഷുമാൻ സിംഗിന് കീർത്തിചക്ര നൽകി ആദരിച്ച സംഭവത്തെ തുടർന്ന് വിവാദങ്ങൾ എത്തിയിരുന്നു. മകന്റെ മരണാന്തരം കിട്ടിയ ജീവനാംശം ഉൾപ്പടെ സ്മൃതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്ന് അൻഷുമാന്റെ മാതാപിതാക്കൾ തന്നെ ആരോപിച്ചിരുന്നു. പിന്നാലെ സ്മൃതി സിംഗിനെതിരെ കടുത്ത സൈബർ ആക്രമണവും നടന്നിരുന്നു.