ക്ഷണം അറിയിച്ചു സ്ക്വിഡ് ഗെയിം ; അതിജീവനം ആത്യന്തികമാണ് : സീസൺ 2 ട്രെയിലർ പുറത്ത്.

സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഡിസംബർ 26 ന് പ്രീമിയർ ചെയ്യും

Update: 2024-11-28 10:14 GMT

ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്ന സ്ക്വിഡ് ഗെയിം സീസൺ 2വിന്റെ ട്രെയിലർ എത്തി. ട്രെയിലർ നെറ്റ്ഫ്ലിക്സ് ബുധനാഴ്ചയാണ് പുറത്തിറക്കിയത്. സ്ക്വിഡ് ഗെയിമിന്റെ പുതിയ അധ്യായത്തിൽ ആദ്യ മത്സരത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ പ്ലെയർ 456 ലീ ജംഗ്-ജെയിലൂടെ തന്നെയാണ് ഈ സീസണും കടന്നു പോകുന്നത്. മറ്റു മത്സരാർത്ഥികളെ നയിക്കാൻ ലി ജംഗ്-ജെ ശ്രമിക്കുന്നതായി ട്രെയിലറിൽ കാണാൻ സാധിക്കും. കളിക്കാരും ഗാർഡുകളും തമ്മിലുള്ള കടുത്ത പോരാട്ടങ്ങളും, പങ്കെടുക്കുന്നവരെ മരണത്തിലേയ്ക്ക് തള്ളിവിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജീവന് ഭീഷണിയായ പുതിയ ഗെയിമുകളും ട്രെയിലറിൽ കാണാം. ലീ ജംഗ്-ജെയ്‌ക്ക് പുറമേ, ഈ സീസണിൽ മടങ്ങിയെത്തുന്ന മറ്റ് അഭിനേതാക്കളിൽ ലീ ബ്യൂങ്-ഹുൻ, വി ഹാ-ജുൻ, ഗോങ് യോ എന്നിവരും ഉൾപ്പെടുന്നു. യിൻ സി -വാൻ , കാങ് ഹാ -ന്യൂൽ , പാർക്ക് ഗ്യു -യൂങ് , ലീ ജിൻ -യുകെ , പാർക്ക് സുങ് -ഹൂം എന്നിവരാണ് സീസൺ 2വിലെ പുതിയ അഭിനേതാക്കൾ

നെറ്റ്ഫ്ലിക്സിനു വേണ്ടി ഹ്വാങ് ഡോങ്-ഹ്യൂക്ക് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു 2021 റിലീസായ സൗത്ത് കൊറിയൻ സർവൈവൽ ത്രില്ലർ സീരീസാണ് സ്ക്വിഡ് ഗെയിം . ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന 456 കളിക്കാരെ,മരണം പതിയിരിക്കുന്ന കുട്ടികൾ കളിക്കുന്ന ഗെയിമുകളിലൂടെ 45.6 ബില്യൺ പണം നേടാനുള്ള അവസരത്തിനായി ഉള്ള ഒരു രഹസ്യ മത്സരത്തെ ചുറ്റിപ്പറ്റിയാണ് സീരീസ്. സമാനമായ പേരുള്ള കൊറിയൻ കുട്ടികളുടെ ഗെയിമിൽ നിന്നാണ് സീരിസിന്റെ പേര് വന്നത്. ആദ്യ സീസൺ വ്യാപകമായ നിരൂപക പ്രശംസ നേടിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ആളുകൾ കണ്ട സീരീസാണ് സ്ക്വിഡ് ഗെയിം. 17 എമ്മി നോമിനേഷനുകൾ നേടുകയും അതിൽ ആറ് എണ്ണം നേടുകയും ചെയ്തു. ലീ ജംഗ്-ജെയ്‌ക്ക് മികച്ച നടനും ലീ യു-മിയ്‌ക്ക് മികച്ച സഹ അടിക്കുമുള്ള അവാർഡ് നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഡിസംബർ 26 ന് പ്രീമിയർ ചെയ്യും. നെറ്റ്ഫ്ലിക്സ് തന്നെയാണ് സീരീസ് നിർമ്മിക്കുന്നത്.


Tags:    

Similar News